Sub Lead

ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപം: ന്യായീകരിച്ചും ഖേദം പ്രകടിപ്പിച്ചും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപം: ന്യായീകരിച്ചും ഖേദം പ്രകടിപ്പിച്ചും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്
X

കോഴിക്കോട്: ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ഹരിത നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്ന മുസ് ലിംലീഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പി കെ നവാസ് വിശദീകരണ കുറിപ്പിറക്കിയത്. അതേസമയം, ഖേദം പ്രകടിപ്പിക്കാനായി ഇറക്കിയ കുറിപ്പിലാണ് പരാമര്‍ശത്തെ ന്യായീകരിക്കുന്നത്. 'പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട യോഗത്തില്‍ ആരെയും വ്യകതിപരമായോ ലിംഗപരമായോ ആക്ഷേപിക്കും വിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ല. സ്ത്രീകളോടും മുതിര്‍ന്നവരോടും കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇതുവരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ എന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിതാ ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു'. നവാസ് വിശദീകരിച്ചു.

'നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.

യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും നവാസ് കുറിപ്പില്‍ വ്യക്തമാക്കി.

നവാസിന്റെ വിശദീകരണം.

പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട യോഗത്തില്‍ ആരെയും വ്യകതിപരമായോ ലിംഗപരമായോ ആക്ഷേപിക്കും വിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ല. സ്ത്രീകളോടും മുതിര്‍ന്നവരോടും കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇതുവരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ എന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിതാ ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.

വീണ്ടും ഇതേ വിഷയത്തില്‍ ഇന്നലെ നടന്ന യോഗത്തിലേക്ക് പാര്‍ട്ടി നേതാക്കള്‍ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.

യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുമാണ് പ്രധാനം. ആഴ്ചകളായി പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നതും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിര്‍ദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തില്‍ പാര്‍ട്ടി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നില്‍ക്കട്ടെ. താലിബാന്‍ ലീഗെന്നും സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്നുമുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവര്‍ത്തകരുടെ ഹൃദയമാണ്. അവരില്‍ ഒരുവനായി ആ വേദനയെ ഉള്‍ക്കൊള്ളുന്നു.

Next Story

RELATED STORIES

Share it