Sub Lead

ഖാര്‍ഗോണിലെ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം: ആശങ്ക അറിയിച്ച് മുസ്‌ലിം പണ്ഡിതന്‍മാരുടെ സംഘം മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെയും ഡിജിപിയെയും കണ്ടു

ഭോപാല്‍ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്‌വിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം പണ്ഡിതന്‍മാരുടെ സംഘമാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്.

ഖാര്‍ഗോണിലെ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം: ആശങ്ക അറിയിച്ച് മുസ്‌ലിം പണ്ഡിതന്‍മാരുടെ സംഘം മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെയും ഡിജിപിയെയും കണ്ടു
X

ഭോപാല്‍: രാമനവമി ദിനത്തിലെ ആഘോഷങ്ങളുടെ മറവില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ നഗരത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടതില്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെയും ഡിജിപി സുധീര്‍ സക്‌സേനയെയും കണ്ട് കടുത്ത ആശങ്ക അറിയിച്ചു. ഭോപാല്‍ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്‌വിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം പണ്ഡിതന്‍മാരുടെ സംഘമാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. രാമനവമി ഘോഷയാത്ര തലാബ് ചൗക്കിലെ പള്ളിക്ക് മുന്നിലെത്തുകയും തുടര്‍ന്ന് അത്യധികം പ്രകോപനം സൃഷ്ടിച്ച് ഡിജെയില്‍ പ്രകോപനപരമായ സംഗീതം ഉച്ചത്തില്‍ മുഴക്കുകയുമായിരുന്നു.

നാട്ടുകാരില്‍ ചിലര്‍ എതിര്‍ത്തതോടെയാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ ഹിന്ദുത്വര്‍ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഖാര്‍ഗോണ്‍ പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെ ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പത്തോളം വീടുകളും ആരാധനാലയങ്ങളും കത്തിനശിച്ചു. സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 95 പേരെയാണ് പോലിസ് ഇവിടെനിന്നു അറസ്റ്റ് ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരായിരുന്നു എന്നതാണ് വിരോധാഭാസം. ഖാര്‍ഗോണിലെ മുസ്‌ലിം സമുദായത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലും പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചു.

പോലിസും സംസ്ഥാന സര്‍ക്കാരും പക്ഷപാതപരമായ നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് സംഘം കുറ്റപ്പെടുത്തി. ഇത് മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ്. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ മുസ്‌ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയാണ്- സയ്യിദ് മുഷ്താഖ് അലി പറഞ്ഞു. ഏപ്രില്‍ 16ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഘോഷയാത്ര നടത്തുമെന്ന ബജ്‌റംഗ്ദളിന്റെയും മറ്റ് ഹിന്ദുമത സംഘടനകളുടെയും പ്രഖ്യാപനത്തെക്കുറിച്ചും പ്രതിനിധി സംഘം ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയില്‍പ്പെടുത്തി.

സംസ്ഥാന തലസ്ഥാനത്ത് അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ ഇരുവരോടും അഭ്യര്‍ഥിച്ചു. ഇടുങ്ങിയ വഴികളുള്ള വളരെ സെന്‍സിറ്റീവായ മുസ്‌ലിം ആധിപത്യപ്രദേശങ്ങളില്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഘോഷയാത്ര നടത്തുമെന്നാണ് ബജ്‌റംഗ്ദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്വാര, ബുധ്വാര പ്രദേശങ്ങളില്‍ ഘോഷയാത്ര നടത്തണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഈ റമദാന്‍ വ്രതാനുഷ്ടാന കാലത്ത് ഈ പ്രദേശങ്ങളിലെ മുസ്‌ലിം സമുദായത്തിലെ ജനങ്ങള്‍ ആശങ്കാകുലരാണ്- പ്രതിനിധി സംഘം സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്ലാ പള്ളികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും മുസ്‌ലിം മതപണ്ഡിതര്‍ അറിയിച്ചു. റമദാന്‍ കാലത്ത് സമാധാനപരമായ സാഹചര്യം നിലനിര്‍ത്താന്‍ കനത്ത പോലിസ് സേനയെ വിന്യസിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയും ഡിജിപിയും ഉറപ്പുനല്‍കിയതായി ഭോപാല്‍ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്‌വി പറഞ്ഞു. പള്ളികളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടിയെ ആഭ്യന്തര മന്ത്രി സ്വാഗതം ചെയ്തു. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സിസിടിവി കാമറകള്‍ സഹായിക്കുമെങ്കില്‍ അത് സ്ഥാപിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it