പാക് സംഘടനയ്ക്കായി ബജ്‌റംഗദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ചാരവൃത്തി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കമല്‍നാഥ്

സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്നാണ് കമല്‍നാഥ് മുന്നറിയിപ്പ് നല്‍കിയത്.

പാക് സംഘടനയ്ക്കായി ബജ്‌റംഗദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ചാരവൃത്തി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കമല്‍നാഥ്

ഭോപ്പാല്‍: വന്‍ തുക കൈപറ്റി സംഘ്പരിവാര്‍ നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ പാകിസ്താനിലെ സായുധ സംഘടനക്കായി ചാരവൃത്തി നടത്തിയ സംഭവത്തില്‍ കുറ്റക്കാരെ വെറുതെവിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്നാണ് കമല്‍നാഥ് മുന്നറിയിപ്പ് നല്‍കിയത്.സായുധ പ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിംഗാണ് സമാന കേസില്‍ വീണ്ടും അറസ്റ്റിലായത്. ബല്‍റാമിന്റെ സംഘത്തില്‍പെട്ട സുനില്‍ സിങ്, ശുഭം മിശ്ര എന്നിവരെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായവര്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

മുഖ്യപ്രതി ബല്‍റാം സിംഗിന് ചാരവൃത്തിക്കേസില്‍ നേരത്തേ ജാമ്യം ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് കമല്‍നാഥ് അറിയിച്ചു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി പ്രതികള്‍ നിരന്തരം ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.വാട്‌സ്ആപ് കോളിലൂടെയും മെസേജിലൂടെയുമാണ് ഇവര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സായുധപ്രവര്‍ത്തനത്തിനുള്ള ഫണ്ടാണ് കൈപ്പറ്റിയതെന്ന് മനസ്സിലായതായി സത്‌ന പോലിസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡ്‌സോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു.ഇന്ത്യന്‍ ശിക്ഷാനിയമം 123 പ്രകാരം യുദ്ധാസൂത്രണത്തിനാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്.ഭോപ്പാല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ നാളെ വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.

ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും ഇവര്‍ നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംശയത്തെത്തുടര്‍ന്ന് നിരീക്ഷിച്ചതോടെയാണ് ഇവര്‍ എടിഎസിന്റെ കെണിയില്‍പ്പെട്ടത്. ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവിരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് ഐഎസ്‌ഐയില്‍ നിന്ന് ഇവര്‍ വന്‍തോതില്‍ പണവും കൈപ്പറ്റിയിട്ടുണ്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലാവുമ്പോള്‍ ഇവരില്‍ നിന്ന് 13 പാക് സിംകാര്‍ഡുകളും നിരവധി മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു.

ഈ ഫോണ്‍ നമ്പറുകള്‍ മുഖേന ഇവര്‍ പതിവായി പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എടിഎസ് കണ്ടെത്തി. സത്‌നയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബല്‍റാം സിങ് ആണ് സംഘത്തിലെ പ്രധാനി. ചാരവൃത്തി കേസില്‍ അറസ്റ്റിലായിട്ടും ഇയാള്‍ക്ക് അതിവേഗം ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബല്‍റാം പിന്നീട് നേരിട്ട് ചാരപ്രവര്‍ത്തനത്തിന് ഇതിനായി ഇറങ്ങിയില്ലെങ്കിലും പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ബല്‍റാമിന്റെ കൈവശമുള്ള നൂറു കണക്കിനുവരുന്ന എടിഎം കാര്‍ഡുകളുടെ രഹസ്യകോഡുകള്‍ ഇയാളുടെ തന്നെ ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്. ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്താല്‍ അവരുടെ പ്രവര്‍ത്തനം സംശയത്തിനിടയാക്കില്ലെന്ന തിരിച്ചറിവിലാണ് ഇതെന്ന് ഇയാള്‍ നേരത്തെ എടിഎസിനോട് പറഞ്ഞിരുന്നു.

ഐഎസ്‌ഐ നിര്‍ദേശപ്രകാരം സാങ്കേതികവിദ്യയില്‍ നിപുണരായ ഹിന്ദു യുവാക്കളെ മാത്രമാണ് ബല്‍റാം ചാര ഏജന്റുമാരായി തിരഞ്ഞെടുത്തത്. പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ധ്രുവ് സക്‌സേനയും ബല്‍റാം സിംഗും നേതൃത്വം നല്‍കുന്ന പാക് ചാരന്‍മാരില്‍ നിന്നു ചോര്‍ത്തികിട്ടിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാവും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പിടിയിലായവര്‍ക്കെതിരേ യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്താതിരുന്ന പോലിസ് നടപടിക്കെതിരേ മജ്‌ലിസെ ഇത്തിഹാദുല്‍ മുസലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. യുഎപിഎ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തിന് മാത്രം സംവരണം ചെയ്യപ്പെട്ടതാണോയെന്ന് ഉവൈസി ചോദിച്ചിരുന്നു.

RELATED STORIES

Share it
Top