Sub Lead

കാലവര്‍ഷം: മഴയില്‍ 47 ശതമാനം കുറവ്; സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലേക്കോ?

ടൗട്ടെയും യാസുമെല്ലാം സാധാരണയിലുമധികം വേനല്‍മഴയ്ക്ക് കാരണമായപ്പോള്‍ കാലവര്‍ഷവും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, എല്ലാ വിലയിരുത്തലുകളേയും അട്ടിമറിച്ചാണ് നിലവിലെ കാലവര്‍ഷം മുന്നോട്ട് പോവുന്നത്.

കാലവര്‍ഷം: മഴയില്‍ 47 ശതമാനം കുറവ്; സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലേക്കോ?
X

തിരുവനന്തപുരം: തെളിഞ്ഞ കാലാവസ്ഥയിലൂടെയാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ടൗട്ടെയും യാസുമെല്ലാം സാധാരണയിലുമധികം വേനല്‍മഴയ്ക്ക് കാരണമായപ്പോള്‍ കാലവര്‍ഷവും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, എല്ലാ വിലയിരുത്തലുകളേയും അട്ടിമറിച്ചാണ് നിലവിലെ കാലവര്‍ഷം മുന്നോട്ട് പോവുന്നത്.

ഈ വര്‍ഷത്തെ കാലവര്‍ഷം മെയ് അവസാനത്തോടെ തന്നെ എത്തുമെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. എന്നാല്‍, ജൂണ്‍ ആദ്യവാരം പിന്നിട്ടപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് മഴ പെയ്തുതുടങ്ങിയത്. ജൂണ്‍ 19 വരെ കേരളത്തില്‍ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിലും പിന്നീട് മഴ മാറി നില്‍ക്കുന്ന കാഴ്ചയാണ്.

കാലവര്‍ഷത്തിനിടെയുണ്ടാകുന്ന മണ്‍സൂണ്‍ ബ്രേക്ക് കണ്ടീഷന്‍ എന്ന പ്രതിഭാസമാണ് പിന്നീടുള്ള ആഴ്ചകളില്‍ കേരളത്തില്‍ ദൃശ്യമായത്. ജൂലൈ ആദ്യ വാരത്തോടെ വീണ്ടും മഴ ലഭിച്ച് തുടങ്ങിയെങ്കിലും ഇടവിട്ടും ക്രമംതെറ്റിയുമാണ് ഇപ്പോഴും മഴ പെയ്യുന്നത്. ഇത് കനക്കുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. 2019ല്‍ ലഭിച്ചതുപോലെ ഒരു ഇടവേളയ്ക്ക് ശേഷം മഴ ഘട്ടം ഘട്ടമായി കനക്കാനുള്ള സാധ്യത തള്ളികളയുന്നില്ലെങ്കിലും അതിശക്തമായ ഒരു കാലവര്‍ഷം ഇനി കേരളത്തില്‍ പ്രതീക്ഷിക്കുന്നില്ല.

എന്നാല്‍, ഇത് സംസ്ഥാനത്ത് ഇത് വരള്‍ച്ചയുണ്ടാക്കില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷണ വിദഗ്ധര്‍. അതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് സാധാരണയിലുമധികമായി ലഭിച്ച വേനല്‍ മഴയാണ്. ഇത് സംസ്ഥാനത്തെ ശുദ്ധജല ക്ഷാമം ഒഴിവാക്കും. കേരളത്തിലെ പല മഴവെള്ള സംഭരണികളും ജലാശയങ്ങളിലും ഉപയോഗത്തിനാവശ്യമായ വെള്ളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലവര്‍ഷക്കാറ്റിന്റെ സഞ്ചാര ദിശയില്‍ പെട്ടന്നുണ്ടായ നേരിയ വ്യതിയാനമാണ് മഴ കുറയാന്‍ കാരണമായതെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ റിസര്‍ച്ച് സെന്ററിലെ കലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ എം ജി മനോജിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയില്‍ പെട്ടെന്ന് സംഭവിച്ച മാറ്റമാണു കാറ്റിന്റെ വ്യതിയാനത്തിനു വഴിയൊരുക്കിയത്. മേയ് അവസാനത്തോടെ സമുദ്രത്തിലുണ്ടായ ചുഴലി കാലവര്‍ഷക്കാറ്റിനെ വലിച്ചെടുക്കുന്ന പ്രതിഭാസവുമുണ്ടായി.

അതേസമയം കേരളത്തില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും ഇടുക്കിയിലും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it