Sub Lead

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; ശ്രീകോവിലിനുള്ളില്‍ മോദിയും ആര്‍എസ്എസ് മേധാവിയും ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; ശ്രീകോവിലിനുള്ളില്‍ മോദിയും ആര്‍എസ്എസ് മേധാവിയും ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം
X

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തില്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശനം അഞ്ചുപേര്‍ക്കു മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യപുരോഹിതന്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. ജനുവരി 22നാണ് ക്ഷേത്രത്തിലെ രാമവിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. 3000 വിഐപികള്‍ ഉള്‍പ്പെടെ ആകെ 7000 പേരെയാണ് ക്ഷണിച്ചതെങ്കിലും അഞ്ചുപേര്‍ക്ക് മാത്രമാണ് പരമ്പരാഗത ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുകയുള്ളൂ. പ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിലോ ഗര്‍ഭഗൃഹത്തിലോ മേല്‍പ്പറഞ്ഞ് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകൂ. ഈ സമയത്ത് മുറി അടച്ചിടും. ആചാരപ്രകാരം വിഗ്രഹത്തിന് ആദ്യം കണ്ണാടി സമര്‍പ്പിക്കും. പൂജ നടത്താനായി ബിന്ദു പുരോഹിതരുടെ മൂന്ന് സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് നയിക്കുക. കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യന്‍ ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതിയാണ് രണ്ടാമത്തെ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നാമത്തെ ടീമില്‍ കാശിയില്‍ നിന്നുള്ള 21 പുരോഹിതരുണ്ടാവും. ജനുവരി 22ന് നടക്കുന്ന ഉദ്ഘാടനത്തിന് മുന്നോടിയായി ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദര്‍ശിക്കും. പുതുതായി നിര്‍മിച്ച വിമാനത്താവളവും പുതിയ ട്രെയിനിന്റെ പതാകയും മോദി ഉദ്ഘാടനം ചെയ്യും. 2020ല്‍ മോദി ഭൂമി പൂജ നടത്തിയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ തുടക്കമിട്ടത്.

മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, രജനീകാന്ത്, സഞ്ജയ് ലീലാ ബന്‍സാലി, മാതാ അമൃതാനന്ദമയി, മോഹന്‍ലാല്‍ തുടങ്ങി വ്യവസായ-ചലച്ചിത്ര രംഗത്തെ പ്രമുഖരെയാണ് ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it