Sub Lead

ഇന്ത്യന്‍ മുജാഹിദീനൊപ്പവും ഇന്ത്യയുണ്ടെന്ന് മോദി; എന്ത് വിളിച്ചാലും പ്രശ്‌നമില്ലെന്ന് തിരിച്ചടിച്ച് രാഹുല്‍

ഇന്ത്യന്‍ മുജാഹിദീനൊപ്പവും ഇന്ത്യയുണ്ടെന്ന് മോദി; എന്ത് വിളിച്ചാലും പ്രശ്‌നമില്ലെന്ന് തിരിച്ചടിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: പേരിനൊപ്പം ഇന്ത്യയുണ്ടായത് കൊണ്ട് കാര്യമില്ലെന്നും ഇന്ത്യന്‍ മുജാഹിദീന്റെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പേരിനൊപ്പവും ഇന്ത്യയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ദിവസം പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ(ഇന്ത്യന്‍ നാഷനല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)യ്‌ക്കെതിരേ രംഗത്തെത്തിയത്. അതേസമയം, മോദിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും രംഗത്തെത്തി. 'മോദീ, താങ്കള്‍ എന്തുവേണമെങ്കിലും വിളിച്ചോളൂവെന്നും നമ്മള്‍ ഇന്ത്യയാണെന്നും മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കുമെന്നും രാഹുലില്‍ ട്വീറ്റ് ചെയ്തു. മണിപ്പൂര്‍ വിഷയം ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിശാല പ്രതിപക്ഷനീക്കത്തിനിടെയാണ് മോദിയുടെ വിമര്‍ശനം. 'പ്രതീക്ഷയറ്റ, പരാജയപ്പെട്ട, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജണ്ട മാത്രമുള്ളവരുടെ കൂട്ടമാണ് 'ഇന്ത്യ'. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാിരുന്നു മോദിയുടെ വിമര്‍ശനം. എന്നാല്‍, മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും എന്നാല്‍ പ്രധാനമന്ത്രി മോദി സംസാരിക്കുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യം ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി. ഇതേത്തുടര്‍ന്ന് ലോക്‌സഭ അല്‍പ്പനേരം നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതേസമയം, ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വചര്‍ച്ച നടത്താമെന്നും പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും വിഷയത്തില്‍ മറുപടി പറയുകയെന്നുമാണ് ബിജെപി നിലപാട്. ഇത് പ്രതിപക്ഷ എംപിമാര്‍ തള്ളിയതോടെയാണ് സഭാ നടപടികള്‍ പ്രക്ഷുബ്ധമായത്.

Next Story

RELATED STORIES

Share it