Sub Lead

മതമൈത്രി പരസ്യം: ഗുജറാത്തിലെ തനിഷ്‌ക് സ്റ്റോറിനു നേരെ ആക്രമണം

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പരസ്യം ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു

മതമൈത്രി പരസ്യം: ഗുജറാത്തിലെ തനിഷ്‌ക് സ്റ്റോറിനു നേരെ ആക്രമണം
X
അഹമ്മദാബാദ്: മതമൈത്രി വിളിച്ചോതുന്ന പരസ്യം നല്‍കിയതിനു ഭീഷണിയുണ്ടായ ജ്വല്ലറി ബ്രാന്‍ഡ് തനിഷ്‌ക്കിന്റെ ഗുജറാത്തിലെ കടയ്ക്കു നേരെ ആക്രമണം. അക്രമികള്‍ സ്റ്റോര്‍ മാനേജരെ കൊണ്ട് മാപ്പെഴുതിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. മതേതര പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നാണ് ഗുജറാത്തിലെ ഗാന്ധിധാമിലെ തനിഷ്‌ക് സ്റ്റോര്‍ ആക്രമിക്കപ്പെട്ട ശേഷം മാനേജരുടെ ക്ഷമാപണ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ലൗ ജിഹാദിനു പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ഹിന്ദുത്വര്‍ സാമുഹിക മാധ്യമങ്ങളിലൂടെ ആദ്യം പരസ്യത്തിനെതിരേ രംഗത്തെത്തിയത്. പരസ്യത്തിനെതിരായ നീക്കങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത് തുടങ്ങിയവര്‍ അപലപിക്കുകയും ഇത് ഇന്ത്യയുടെ ആശയത്തിന് എതിരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദവും ഭീഷണിയും ഭയന്ന് പരസ്യം ചൊവ്വാഴ്ച തന്നെ തനിഷ്‌ക് ജ്വല്ലറി അധികൃതര്‍ പിന്‍വലിച്ചിരുന്നു.

വികാരം വ്രണപ്പെടുത്താന്‍ കാരണമായതില്‍ അതിയായ ദുഖമുണ്ടെന്നും വീഡിയോ പിന്‍വലിക്കുകയാണെന്നുമായിരുന്നു തനിഷ്‌ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. 'അശ്രദ്ധമായി വികാരം വ്രണപ്പെട്ടതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണെന്നും ജീവനക്കാരുടെയും പങ്കാളികളുടെയും സ്റ്റോര്‍ ജീവനക്കാരുടെയും വേദനയും വികാരങ്ങളും ക്ഷേമവും കണക്കിലെടുത്ത് വീഡിയോ പിന്‍വലിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


പരസ്യം പിന്‍വലിക്കാനുള്ള തനിഷ്‌കിന്റെ തീരുമാനത്തെ പലരും വിമര്‍ശിച്ചിരുന്നു. നട്ടെല്ലില്ലായ്മ സങ്കടകരമാണെന്നായിരുന്നു സ്വര ഭാസ്‌കറുടെ ട്വീറ്റ്. നിരവധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദിവസേന സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി നേരിടുന്നു. അവര്‍ എന്നിട്ടും നിലപാടിനൊപ്പം നില്‍ക്കുന്നു. ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യവും വിഭവങ്ങളും ഒരു വലിയ കോര്‍പറേറ്റ് സ്ഥാപനത്തിനു കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു.

ഹിന്ദു-മുസ് ലിം ഐക്യം ഉയര്‍ത്തിക്കാട്ടുകയാണ് മനോഹരമായ പരസ്യത്തിലൂടെ ചെയ്തതെന്നും അതിനാല്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചിരുന്നു. ഹിന്ദു-മുസ് ലിം ''ഏകത്വം'' അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ ലോകത്തിലെ ഹിന്ദു-മുസ് ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.

Mob Attacks Tanishq Store In Gujarat Amid Row Over Ad




Next Story

RELATED STORIES

Share it