Sub Lead

തൃശൂര്‍ പൂരം ഏറ്റവും മനോഹരമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം: വി എസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം ഏറ്റവും മനോഹരമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം: വി എസ് സുനില്‍കുമാര്‍
X

തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം തൃശൂരിന്റെ മാത്രമല്ല, ലോകമെങ്ങുമുള്ള പൂരപ്രേമികളുടെ വികാരമാണെന്നും അതുകൊണ്ടുതന്നെ പൂരം ഏറ്റവും മനോഹരമായി നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. പൂരം പ്രദര്‍ശനം സംബന്ധിച്ചും പൂരം നടത്തിപ്പ് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമം. മറിച്ചുള്ള പ്രചരണങ്ങള്‍ പൊതുസമൂഹം തള്ളിക്കളയണം. തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ തീരുമാനം എടുത്തിരിക്കേ, മറിച്ചുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമവുമാണ്.

മതേതരത്വത്തിന്റെ പ്രതീകമായ തൃശൂര്‍ പൂരം യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൊടുങ്ങല്ലൂര്‍ മീനഭരണി, കാവുതീണ്ടല്‍ തുടങ്ങിയവയെല്ലാം മുടക്കം കൂടാതെ നടത്തിയത്. അതുകൊണ്ട് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. പൂരം നടത്തുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലും ചീഫ് സെക്രട്ടറി തലത്തിലും ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകളുടെയും വിവിധ ഘട്ടങ്ങളില്‍ നടന്ന ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തില്‍ പൂരം നടത്തിപ്പിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം പൂരം നടക്കുക തന്നെ ചെയ്യും. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

തനിമയും പ്രൗഢിയും ഒട്ടും ചോര്‍ന്നുപോകാതെ ഇത്തവണത്തെ പൂരം നടത്തും. എക്‌സിബിഷന്‍ നടത്തിപ്പ്, പ്രദര്‍ശനത്തിന് എത്തുന്ന കാണികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പോകുന്നതേയുള്ളൂ. എക്‌സിബിഷന്റെ സംഘാടകര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് എക്‌സിബിഷന്‍ സുഗമമായി നടത്തുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്നതിനു ചീഫ് സെക്രട്ടറിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുടെയും ആവശ്യമില്ല.

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം നടക്കില്ല, പ്രദര്‍ശനം നടക്കില്ല തുടങ്ങിയ വ്യാജപ്രചരണങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. തൃശൂര്‍ പൂരത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it