Sub Lead

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം സ്വയം മുറിവേല്‍പ്പിച്ച മധ്യവയസ്‌കന്‍ ആശുപത്രിയില്‍

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം സ്വയം മുറിവേല്‍പ്പിച്ച മധ്യവയസ്‌കന്‍ ആശുപത്രിയില്‍
X

കോട്ടയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം പുതുപ്പള്ളിക്കു സമീപം മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടില്‍ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മ(50)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ചത്. ജോയ് തോമസ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിച്ചുമാറ്റുകയും ഇരുകാലുകള്‍ക്കും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെ അടുക്കളയില്‍ വച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായ ശേഷമാണ് സംഭവം.

സാറാമ്മയ്ക്ക് ഫോണ്‍ വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണു നിഗമനം. വാക്കുതര്‍ക്കത്തിനിടെ ജോയ് സാറാമ്മയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സാറാമ്മയുടെ കഴുത്തിലും തലയിലും വെട്ടി. ബഹളം കേട്ട് ജോയിയുടെ മാതാവ് ഓടിയെത്തിയപ്പോള്‍ സ്വന്തം വൃഷണത്തിന്റെ ഭാഗം മുറിച്ചെറിഞ്ഞ് ഇരുകാലുകള്‍ക്കും മുറിവേല്‍പിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ക്കു നേരെയും ജോയ് കോടാലി വീശി. രക്തമൊലിപ്പിച്ച് അക്രമാസക്തനായി ജോയ് ഭാര്യയുടെ മൃതദേഹത്തിനു സമീപം തന്നെ നിലയുറപ്പിച്ചതിനാല്‍ ആരും അടുത്തുപോയില്ല. വിവരമറിഞ്ഞ് പോലിസ് എത്തിയെങ്കിലും ജോയ് കോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ പോലിസുകാരെത്തിയാണ് രക്തം വാര്‍ന്നൊഴുകിയ ജോയിയെ കീഴ്‌പ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ജോയി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.


Next Story

RELATED STORIES

Share it