Sub Lead

ആകാശത്ത് അപ്രത്യക്ഷമായ ആ വിമാനം എവിടെ; ഉത്തരമില്ലാതെ അഞ്ച് വര്‍ഷം

വിമാനത്തോടൊപ്പം കാണാമറയത്തേക്ക് പോയ് മറഞ്ഞ 239 യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ ഇനിയും കാത്തിരിപ്പിലാണ്; തങ്ങളുടെ ഉറ്റവരെ കവര്‍ന്നെടുത്ത ആ ദുരന്തത്തിന് പിന്നില്‍ എന്തായിരുന്നുവെന്നറിയാന്‍.

ആകാശത്ത് അപ്രത്യക്ഷമായ ആ വിമാനം എവിടെ; ഉത്തരമില്ലാതെ അഞ്ച് വര്‍ഷം
X
വിമാനത്തിലുണ്ടായിരുന്ന 239 പേരെ അനുസ്മരിച്ച ബന്ധുക്കള്‍ മെഴുകുതിരി കത്തിക്കുന്നു

ക്വലാലംപൂര്‍: 2014 മാര്‍ച്ച് 8ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ മലേസ്യന്‍ വിമാനം എംഎച്ച്370 അഞ്ച് വര്‍ഷത്തിന് ശേഷവും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വിമാനത്തോടൊപ്പം കാണാമറയത്തേക്ക് പോയ് മറഞ്ഞ 239 യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ ഇനിയും കാത്തിരിപ്പിലാണ്; തങ്ങളുടെ ഉറ്റവരെ കവര്‍ന്നെടുത്ത ആ ദുരന്തത്തിന് പിന്നില്‍ എന്തായിരുന്നുവെന്നറിയാന്‍.

എല്ലാ വര്‍ഷവും അദ്ദേഹം മലേസ്യയിലേക്കു പറക്കുന്നു


വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായിരുന്നു കെ എസ് നരേന്ദ്രന്റെ ഭാര്യ. ദുരന്തത്തില്‍ കാണാതായവരുടെ ഓര്‍മ പുതുക്കാനും കൂടുതല്‍ അന്വേഷണത്തിന് മലേസ്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും എല്ലാ വര്‍ഷവും ചെന്നൈയില്‍ നിന്ന് നരേന്ദ്രന്‍ മലേസ്യയിലേക്കു പറന്നെത്തുന്നു. പക്ഷേ പ്രയോജനം ഒന്നുമുണ്ടായില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക്

മലേസ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുള്ള ബോയിങ് 7770-200 വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിലെ ആശയ വിനിമയ സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നു. വിമാനം മലേസ്യയിലേക്കു തന്നെ തിരിച്ചുപറന്നു തുടങ്ങിയിരുന്നതായി സൈനിക റഡാര്‍ പിന്നീട് വെളിപ്പെടുത്തി. പെനാങ് ദ്വീപിന്റെ അതിര്‍ത്തിക്കു മുകളിലൂടെ പറന്ന വിമാനം സുമാത്രയുടെ ഉത്തരധ്രുവം ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്.

തിരയാന്‍ 26 രാജ്യങ്ങള്‍



മലേസ്യന്‍ വിമാനം കണ്ടെത്താനും രക്ഷാ പ്രവര്‍ത്തനത്തിനുമായി 26 രാജ്യങ്ങളാണ് കൈകോര്‍ത്തത്. എന്നാല്‍, ഒരു ഫലവുമുണ്ടായില്ല. എംഎച്ച്370 വിമാനം ഇന്ധനം തീരുംവരെ പറന്നതായും ബെയ്ജിങില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്തെ ആഴങ്ങളില്‍ ആ യാത്ര അവസാനിച്ചതായും മലേസ്യന്‍ സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചു. ഇന്‍മാര്‍സാറ്റ് സിസ്റ്റത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ അപഗ്രഥനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്.

500 പേജുള്ള അന്വേഷണ റിപോര്‍ട്ട്

500 പേജുള്ള ഔദ്യോഗിക അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ജൂലൈയിലാണ് പുറത്തുവിട്ടത്. പുതിയ വിവരങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷത്തിനു ശേഷം വിമാനത്തിന്റെ ഏതാനും ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതുവരെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവിട്ട് പുതിയ അന്വേഷണം നടത്താന്‍ സമയമാണെന്ന് നാഷനല്‍ എയര്‍ ഡിസാസ്റ്റര്‍ അലയന്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗെയില്‍ ദുര്‍ഹാം പറഞ്ഞു.

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ

വിമാനം അപ്രത്യക്ഷതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ അന്നത്തെ സര്‍ക്കാരും വ്യോമയാന വകുപ്പും വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോള്‍ പുതിയ സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നതിനാല്‍ പ്രതീക്ഷയിലാണ് യാത്രികരുടെ കുടുബാംഗങ്ങള്‍.

വീണ്ടും അന്വേഷണം

വിമാനം കാണാതായതു സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്നും എന്നാല്‍, വിശ്വസനീയമായ ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണം പരിഗണിക്കുന്നുണ്ടെന്നും ഇന്നലെ


നടന്ന അനുസ്മരണ ചടങ്ങില്‍ മലേസ്യന്‍ ഗതാഗത മന്ത്രി ആന്റണി ലോക്ക് പറഞ്ഞു. ഓഷ്യന്‍ ഇന്‍ഫിനിറ്റിയില്‍ നിന്ന് ഇക്കാര്യത്തിലുള്ള ശുപാര്‍ശ പ്രതീക്ഷിക്കുകയാണ്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തേടി സമുദ്രത്തിന്റെ അടിത്തട്ടില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിന് നേതൃത്വം നല്‍കിയത് അമേരിക്കന്‍ ടെക്‌നോളജി ഗ്രൂപ്പായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയായിരുന്നു. രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ആസ്‌ത്രേലിയ, ചൈന, മലേസ്യ എന്നീ രാജ്യങ്ങളും അന്വേഷണം നടത്തിയിരുന്നു.

വിമാനം കണ്ടെത്തിയാല്‍ 70 ദശലക്ഷം ഡോളര്‍

70 ദശലക്ഷം ഡോളറാണ് വിമാനം കണ്ടെത്തുന്നതിന് വേണ്ടി മലേസ്യന്‍ സര്‍ക്കാര്‍ നീക്കിവച്ചത്. തിരച്ചിലില്‍ വിമാനം കണ്ടെത്തിയാല്‍ ഈ തുക ഓഷ്യന്‍ ഇന്‍ഫിനിറ്റിക്കു നല്‍കുമെന്നായിരുന്നു കരാര്‍. ഇതേ കരാറില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കണമെന്നാണ് ഇരകളുടെ ആവശ്യം. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയണം. അതു വെറും ദൂരുഹതയായി അവശേഷിപ്പിച്ച് കോള്‍ഡ സ്‌റ്റോറേജില്‍ തള്ളരുത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമമെന്നതിനാല്‍ അതിന് വേണ്ടി ചെലവഴിക്കുന്ന തുക നഷ്ടമാവില്ലെന്നും ഇരകള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it