Big stories

'ജിഹാദി' ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല; എന്‍ഐഎയോട് ഡല്‍ഹി കോടതി

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല; എന്‍ഐഎയോട് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: 'ജിഹാദി' ലേഖനമോ സമാനമായ ആശയം ഉള്‍ക്കൊള്ളുന്ന സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ഡല്‍ഹി കോടതി. ഇതിന്റെ തത്വശാസ്ത്രം ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് കുറ്റകൃത്യമായി പരിഗണിക്കാനാവുകയെന്ന് കോടതി വ്യക്തമാക്കി. എന്‍ഐഎ 11 പേര്‍ക്കെതിരേ യുഎപിഎ ചുമത്തിയ കേസിലാണ് ഡല്‍ഹി സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മയുടേതാണ് നിര്‍ണായക നിരീക്ഷണം. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്ന ലേഖനമോ സാഹിത്യമോ കൈവശംവയ്ക്കുന്നത് കുറ്റമല്ല. ഇത്തരം സാഹിത്യകൃതികള്‍ കൈവശം വച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതിന് തെളിവില്ലാതെ വന്നാല്‍ കുറ്റമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് ലഭിക്കുന്ന സ്വാതന്ത്യത്തിനും അവകാശങ്ങള്‍ക്കുമെതിരാണ് ഇത്തരം നീക്കം. ഐഎസില്‍ ചേരാനുള്ള നീക്കത്തിലായിരുന്നു ആരോപണവിധേയരെന്ന വാദവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിന് ആധാരമായ തെളിവുകളുടെ അഭാവത്തിലാണ് ഇത്. ഇവര്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നുവെന്നതിനും തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

പിടിയിലായവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഐഎസ് ആശയപ്രചാരണം നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ശേഖരിച്ചെന്നും അടക്കമുള്ള ആരോപണങ്ങളാണ് എന്‍ഐഎ യുഎപിഎ കേസില്‍ 11 പേര്‍ക്കെതിരേയും ചുമത്തിയത്. പ്രതികള്‍ പ്രകോപനപരമായ 'ജിഹാദി' ലേഖനങ്ങളും സാഹിത്യവും സൂക്ഷിച്ചെന്നും ഇത് പ്രചരിപ്പിച്ചെന്നും കോടതിയില്‍ എന്‍ഐഎ വാദിച്ചു. ജമ്മു കശ്മീരില്‍ ഖിലാഫത്ത് കൊണ്ടുവരാനുള്ള പോരാളികളായാണ് ഇവര്‍ തങ്ങളെ കരുതിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരേ ഐപിസി 121 എ വകുപ്പ് പ്രകാരം കുറ്റം ചുമത്താന്‍ കോടതി വിസമ്മതിച്ചു.

അവരാരും ഇന്ത്യന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നതായി തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ ഐഎസില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരാരും ഇതുവരെ അത്തരത്തിലുള്ള ഒരു സംഘടനയിലും സജീവ അംഗമായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനം നടത്താന്‍ ഐഎസ്സില്‍ ചുമതല നല്‍കിയെന്നതിനും തെളിവില്ല. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ വസ്തുക്കളില്‍ നിരവധി കുറ്റകരമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി നിരാകരിച്ചു.

തീവ്രവാദ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തിയെന്നതും എന്തെങ്കിലും ആയുധം ശേഖരിച്ചോയെന്നതും സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി പ്രോസിക്യൂഷനെ അറിയിച്ചു. കേരളം, കര്‍ണാടക, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍. മുസ്ഹബ് അന്‍വര്‍, റീസ് റഷീദ്, മുന്‍ഡാഡിഗുട്ട് സദാനന്ദ മര്‍ല ദീപ്തി, മുഹമ്മദ് വഖാര്‍ ലോണ്‍, മിസ്ഹ സിദ്ദീഖ്, ഷിഫഹാരിസ്, ഉബൈദ് ഹാമിദ് മട്ട, അമ്മാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെയുള്ള ഐപിസി 120 ബി സെക്ഷന്‍ പ്രകാരവും യുഎപിഎ 2(0), 13, 38, 39 പ്രകാരവുമുള്ള കുറ്റങ്ങള്‍ കോടതി നിലനിര്‍ത്തി. എന്നാല്‍, മുസമ്മില്‍ ഹസന്‍ ഭട്ടിനെ കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കുകയും വെറുതെ വിടുകയും ചെയ്തു.

Next Story

RELATED STORIES

Share it