Sub Lead

കൂട്ട മതപരിവര്‍ത്തനം ആരോപിച്ച് യുപി പോലിസ് ജയിലിലടച്ച മൗലാനാ കലീം സിദ്ദിഖിക്ക് ജാമ്യം

കൂട്ട മതപരിവര്‍ത്തനം ആരോപിച്ച് യുപി പോലിസ് ജയിലിലടച്ച മൗലാനാ കലീം സിദ്ദിഖിക്ക് ജാമ്യം
X

ലഖ്‌നോ: കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാനാ കലീം സിദ്ദിഖിക്ക് ജാമ്യം. അറസ്റ്റ് ചെയ്ത് 20 മാസത്തിനു ശേഷമാണ് കലീം സിദ്ദീഖിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കലീം സിദ്ദീഖി ജയില്‍ മോചിതനാവുമെന്നും അഭിഭാഷകനായ ഉസാമ ഇദ്‌രീസ് നദ്‌വി അറിയിച്ചു. പശ്ചിമ യുപിയിലെ പ്രമുഖ ഇസ് ലാമിക പണ്ഡിതനും ഗ്ലോബല്‍ പീസ് സെന്ററിന്റെ അധ്യക്ഷനുമായിരുന്ന മൗലാനാ കലീം സിദ്ദീഖിയെ 2021 സപ്തംബറിലാണ് യുപിയിലെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ജാമിഅ ഇമാം വലിയുല്ല ട്രസ്റ്റിന്റെ നടത്തിപ്പുകാരന്‍ കൂടിയാണ് 65കാരനായ കലീം സിദ്ദീഖി. മീററ്റില്‍ നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എടിഎസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ നിവാസികളായ മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഐഎസ്‌ഐയില്‍ നിന്ന് പണം പറ്റിബധിരരും മൂകരുമായവരെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പ്രബോധന സംഘടനയായ ഇസ്‌ലാമിക് ദവ സെന്റര്‍ നടത്തിപ്പുകാരായ മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തത്. യുകെ ആസ്ഥാനമായുള്ള അല്‍ഫലാഹ് ട്രസ്റ്റ് 57 കോടി രൂപ നല്‍കിയെന്നും മതംമാറ്റ റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം. വിവിധ വിദ്യാഭ്യാസ സാമൂഹികമത സംഘടനകളുടെ നടത്തിപ്പിന്റെ മറവില്‍ അനധികൃത മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപിച്ചിരുന്നത്.

മുസഫര്‍നഗര്‍ നിവാസിയായ കലീം സിദ്ദിഖി മീററ്റില്‍ നിന്ന് ബിഎസ്‌സി ബിരുദം നേടിയ ശേഷം പ്രീമെഡിക്കല്‍ ടെസ്റ്റ് (പിഎംടി) പാസായി. തുടര്‍ന്ന് ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമയില്‍ മതപഠനത്തിന് ചേര്‍ന്നു. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന സിദ്ദിഖി മദ്‌റസകള്‍ക്കും ധനസഹായം നല്‍കാന്‍ വിദേശത്ത് നിന്ന് അനധികൃതമായി വന്‍ തുക കൈപ്പറ്റിയെന്നായിരുന്നു എടിഎസിന്റെ ആരോപണം. ബഹ്‌റയ്‌നില്‍ നിന്ന് ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നരക്കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായും മൂന്ന് കോടിയോളം രൂപ ധനസഹായം ലഭിച്ചെന്നുമായിരുന്നു എടിഎസിന്റെ ആരോപണം. എടിഎസിന്റെ ആറ് സംഘങ്ങളാണ് കേസ് അന്വേഷിച്ചിരുന്നത്. കേന്ദ്ര ശിശു കുടുംബക്ഷേമ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരു ആംഗ്യഭാഷാ വിദഗ്ധനെയും മതപരിവര്‍ത്തന റാക്കറ്റിന് കൂട്ടുനിന്നുവെന്നാരോപിച്ച് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ബധിരമൂക ആംഗ്യഭാഷാ വിദഗ്ധന്‍ മഹാരാഷ്ട്ര സ്വദേശി ഇര്‍ഫാന്‍ ഖ്വാജ ഖാനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. എല്ലാവര്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം, 2020 ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാല്‍, മതംമാറിയ ആരും തന്നെ തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് പരാതിപ്പെട്ടിരുന്നില്ല. മാത്രമല്ല അറസ്റ്റിലായവരെ പിന്തുണച്ചാണ് രംഗത്തെത്തിയിരുന്നത്.

Next Story

RELATED STORIES

Share it