Sub Lead

രക്തസാക്ഷി കുടുംബസഹായ ഫണ്ട് തിരിമറി; ആരോപണ വിധേയനെ പ്രകീർത്തിച്ച് ധനരാജ് ആർമി

തിരഞ്ഞെടുപ്പ് ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും തിരിമറി നടന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

രക്തസാക്ഷി കുടുംബസഹായ ഫണ്ട് തിരിമറി; ആരോപണ വിധേയനെ പ്രകീർത്തിച്ച് ധനരാജ് ആർമി
X

കണ്ണൂർ: പയ്യന്നൂർ സി വി ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് തിരിമറി സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാതെ സിപിഎം. ‌കണക്കുകൾ പുറത്തുവന്നതോടെ ആരോപണ വിധേയനെ പുകഴ്ത്തി ധനരാജ് ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത് പാർട്ടിയിലെ വിഭാ​ഗീയത ഒന്നുകൂടി രൂക്ഷമാക്കിയിട്ടുണ്ട്.

ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമാണു സിപിഎമ്മിനെ പ്രധാനമായും അലട്ടുന്നത്. ധനരാജിനുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ വ്യക്തിപരമായ കടങ്ങൾ ധനസഹായ ഫണ്ടിൽ നിന്നു വീട്ടാതിരുന്നതിലും പ്രവർത്തകരും നേതാക്കളും അസ്വസ്ഥരാണ്. ഉത്തരവാദികളായവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടി വൈകുന്നതിൽ എതിർപ്പുമുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും തിരിമറി നടന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ധനരാജ് ഫണ്ട് ഒഴിച്ചുള്ളവയിലെ തിരിമറി സംബന്ധിച്ച് പാർട്ടി കമ്മിഷനുകൾ തന്നെ ജില്ലാ കമ്മിറ്റിക്കു റിപോർട്ട് നൽകിയിട്ടുമുണ്ട്. പക്ഷേ, ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാതെ, 'പാർട്ടിക്കകത്തെ പ്രശ്നം' എന്നു മാത്രം പറഞ്ഞൊഴിയുകയാണു നേതാക്കൾ.

മെല്ലെപ്പോക്ക് പയ്യന്നൂരിൽ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ഗുരുതരമാക്കുമെന്നാണു സൂചന. 3 ഫണ്ട് തിരിമറികളിലും ഉൾപ്പെട്ടിരിക്കുന്നത് ഒരു വിഭാഗം നേതാക്കളാണെന്നും നടപടിയെടുത്തില്ലെങ്കിൽ പാർട്ടിക്കു ഗുരുതരമായ തിരിച്ചടി നേരിടുമെന്നുമാണു വിവരം. അതിന്റെ അലയൊലികൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. എംഎൽഎ പക്ഷക്കാരായ നേതാക്കൾ പരസ്യമായി അദ്ദേഹത്തിന് പിന്തുണയർപ്പിച്ച് രം​ഗത്തുവരുന്നുണ്ടെങ്കിലും പരാതിക്കാരായ വിഭാ​ഗം മൗനത്തിലാണ്. അതിനിടെയാണ് ധനരാജ് ആർമി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

രക്തസാക്ഷിയെ അപമാനിക്കാൻ നടന്നവരാണ് ഇപ്പോൾ രക്തസാക്ഷി സ്നേഹമെന്നും ഒറ്റുകാർക്കും എതിരാളികൾക്കും ആയുധമെറിഞ്‍് കൊടുക്കുന്ന പരനാറികൾക്ക് മാപ്പില്ലെന്നും ധനരാജ് ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പാർട്ടി നേതാക്കൾക്കെതിരേയാണ് ധനരാജ് ആർമിയുടെ ഒളിയമ്പ് എന്നത് വ്യക്തമാണ്. ധനരാജ് ആർമിയെ നയിക്കുന്നവർ വയൽ നികത്തലടക്കം ചോദ്യം ചെയ്ത് ഫണ്ട് തട്ടുന്നുണ്ടെന്ന വിമർശനവും മേഖലയിലെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ നേരത്തെ ഉയർന്നിരുന്നു.

42 ലക്ഷം രൂപ വക മാറ്റിയതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ വിശദീകരണം ദുരൂഹമാണെന്ന് മറുപക്ഷത്തെ പാർട്ടി പ്രവർത്തകർ പറയുന്നു. ധനരാജ് ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ 2 നേതാക്കളുടെ പേരിൽ വ്യക്തിഗത സ്ഥിരനിക്ഷേപമായി മാറ്റിയതിനും ഇതിന്റെ പലിശയിനത്തിൽ ലഭിച്ച 5 ലക്ഷം രൂപ ഇതിലൊരു നേതാവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റിയതിനും തെളിവുണ്ട്. പാർട്ടിക്കാരുടെ കേസ് നടത്തിപ്പിനു വേണ്ടിയെന്നു പറഞ്ഞാണ് 42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയത്. ചർച്ച നടത്തുകയോ തീരുമാനിക്കുകയോ ചെയ്യാതെയാണ് ഈ സ്ഥിരനിക്ഷേപം ക്ലോസ് ചെയ്തത്.

42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമുയർന്നപ്പോഴാണ്, കെട്ടിട നിർമാണ ഫണ്ടിലേക്കു മാറ്റിയെന്ന മുടന്തൻ ന്യായം വന്നത്. എന്നാൽ, ഇതിന്റെ വ്യക്തമായ കണക്കോ രേഖകളോ ബന്ധപ്പെട്ടവർ ഇതുവരെ സമർപ്പിച്ചിട്ടുമില്ല. ഏരിയ കമ്മിറ്റി കെട്ടിട നിർമാണത്തിനു വേണ്ടി നടത്തിയ, 11,000 പേർ അംഗങ്ങളായ ചിട്ടിയിൽ നിന്ന് 2.5 കോടിയോളം രൂപയുടെ വരുമാനമുണ്ടായി. കെട്ടിടത്തിനു നിർമാണ സാമഗ്രികളും ഫർണിച്ചറുകളും സംഭാവനയായും സമ്മാനമായും ലഭിച്ചിട്ടുമുണ്ട്. ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് ഉപയോഗിക്കേണ്ട സാഹചര്യമേയില്ല. ഇതിനു പുറമെ, പാർട്ടി ഫണ്ട്, നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റുന്നതെന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്.

Next Story

RELATED STORIES

Share it