Latest News

രൂപയെ പിടിച്ചു നിര്‍ത്താന്‍ അടിയന്തര ഇടപെടലുമായി ആര്‍ബിഐ

രൂപയെ പിടിച്ചു നിര്‍ത്താന്‍ അടിയന്തര ഇടപെടലുമായി ആര്‍ബിഐ
X

മുംബൈ: രൂപയുടെ കുത്തനെയുള്ള ഇടിവ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടിയന്തര ഇടപെടലുമായി രംഗത്ത്. ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രൂപയ്ക്ക് നേരിയ തിരിച്ചുവരവ് ലഭിച്ചെങ്കിലും ആഗോള സമ്മര്‍ദ്ദം തുടരുകയാണ്.

ഡോളറിനോതിരേ രൂപ ഇന്ന് 94.00-94.30 നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 95.22 വരെ തകര്‍ന്നിരുന്നു. ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് ഏകദേശം ഒരു രൂപ വരെ മൂല്യം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ആശ്യാസമായി കാണുന്നത്. ബാങ്കുകള്‍ ഡോളര്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും വിദേശ വിപണികളില്‍ ലാഭമെടുക്കുന്നതും നിയന്ത്രിക്കാന്‍ ആര്‍ബിഐ നിര്‍ണ്ണായക നടപടികള്‍ സ്വീകരിച്ചു. ബാങ്കുകള്‍ക്ക് കൈവശം വയ്ക്കാവുന്ന വിദേശനാണ്യത്തിന്റെ പരിധി (നെറ്റ് ഓപ്പണ്‍ പൊസിഷന്‍) 100 ദശലക്ഷം ഡോളറായി നിശ്ചയിച്ചു. ഇത് ഏപ്രില്‍ പത്തിനകം പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നിയന്ത്രണത്തെ തുടര്‍ന്ന് ബാങ്കുകള്‍ ഡോളര്‍ വില്‍പ്പനയ്ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടായി. ഇതോടെ വിപണിയില്‍ ഡോളറിന്റെ ലഭ്യത വര്‍ധിക്കുകയും രൂപയ്ക്ക് ചെറിയ കരുത്ത് ലഭിക്കുകയും ചെയ്തു. ഏകദേശം 11 മുതല്‍ 15 ബില്യണ്‍ ഡോളര്‍ വരെ വിപണിയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഈ ഇടപെടല്‍ ദീര്‍ഘകാല പരിഹാരമാകുമോയെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 110 ഡോളര്‍ കടന്നിരിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it