Latest News

ഫറോക്കില്‍ ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഫറോക്കില്‍ ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
X

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് ഗുരുതര പരിക്ക്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ്(22) താടിയെല്ലിന് പരിക്കേറ്റത്. ആലുവ യുസി കോളജ് വിദ്യാര്‍ഥിനിയായ ഐശ്വര്യ ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥിനി.

തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി പത്തുമണിയോടെ കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരപരിക്കേല്‍ക്കുകയും നാലു പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ റെയില്‍വെ പോലിസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വെ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പോലിസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മുന്‍പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിരുന്നു. ഇടക്കിടെ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടാകുന്നത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്. നേരത്തെ ട്രെയിനിനുനേരെ കല്ലേറുണ്ടായിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it