Sub Lead

മാര്‍ച്ച് 17: റൗലത്ത് ആക്ട് എന്ന കിരാത നിയമം ചുട്ടെടുത്ത ദിനം

ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act).

മാര്‍ച്ച് 17: റൗലത്ത് ആക്ട് എന്ന കിരാത നിയമം ചുട്ടെടുത്ത ദിനം
X

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെ പോരാട്ടം നടത്തിയ ഒരു ജനതയെ അടിച്ചമര്‍ത്താന്‍ കൊണ്ട് വന്ന റൗലത്ത് ആക്ട് എന്ന നിയമം ജന്മം കൊണ്ട ദിനമാണ് മര്‍ച്ച് 17. 1919 മാര്‍ച്ച് 17 ന് റൗലത്ത് ആക്ട് നിയമമായി മാറി.വര്‍ത്തമാനകാല ഇന്ത്യയില്‍ കരിനിയമങ്ങളും നിയമ ഭേദഗതികളും കൊണ്ട് സ്വന്തം ജനതയെ തന്നെ വേട്ടയാടുന്ന കാലത്ത് കച്ചവടത്തിനായി വന്നവര്‍ നാടിനെ കൈപ്പിടിയിലൊതുക്കി അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ പുതിയ കാലത്ത് ചര്‍ച്ചയാകുമ്പോള്‍ നാടിന്‍ മോചന പോരാളികള്‍ക്ക് പ്രചോദമാകും.


ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ജസ്റ്റിസ് സിഡ്‌നി റൗലത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു ഒന്നാം ലോകയുദ്ധകാലത്തെ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് (1915) റദ്ദാക്കിക്കൊണ്ട് സ്ഥിരം നിയമമായ റൗലത്ത് ആക്ട് നിലവില്‍വന്നത്. ഈ നിയമം, ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തിന്റെപേരില്‍ ആരെയും അറസ്റ്റുചെയ്യാനും വിചാരണകൂടാതെ രണ്ടുവര്‍ഷംവരെ തടവില്‍വെക്കാനും വാറന്റില്ലാതെ എവിടെയും കയറിച്ചെല്ലാനുമുള്ള അധികാരം പോലിസിനു നല്‍കുന്നതായിരുന്നു.


പത്രസ്വാതന്ത്ര്യത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഈ കിരാതനിയമത്തിനെതിരേ ഐകകണ്‌ഠ്യേന വോട്ടുചെയ്ത ഇന്ത്യന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ മദന്‍ മോഹന്‍ മാളവ്യ, മുഹമ്മദ് അലി ജിന്ന, മസ്ഹര്‍ ഉള്‍ ഹഖ് തുടങ്ങിയ നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് 1919 മാര്‍ച്ചില്‍ റൗലത്ത് ആക്ട് നിയമമായിമാറി.

ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുന്‍കരുതലുകള്‍ അനന്തമായി ദീര്‍ഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടവിലിടാന്‍ ഈ നിയമം സര്‍ക്കാരിന് അധികാരം നല്‍കി. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സര്‍ സിഡ്‌നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികള്‍ക്ക് ഈ നിയമം.

മഹാത്മാ ഗാന്ധിയും മറ്റ് ഇന്ത്യന്‍ നേതാക്കളും ഈ നിയമത്തെ നിശിതമായി വിമര്‍ശിച്ചു. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ എല്ലാവരെയും ഒരു പോലെ ശിക്ഷിക്കുന്നത് ശരിയല്ല എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഇന്ത്യന്‍ ദേശീയ നേതാക്കന്മാരും പൊതുജനങ്ങളും ഒരുപോലെ ഈ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തി. ബ്രിട്ടീഷ് അധികാരികളാകട്ടെ അടിച്ചമര്‍ത്തല്‍ നടപടികളുമായി മുന്നോട്ടുപോയി.

നിയമപരമായ എതിര്‍പ്പുകൊണ്ടു ഫലമില്ലാതെ വന്നപ്പോള്‍ നിയമത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധസൂചകമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യാക്കാര്‍ ഏപ്രില്‍ 6ന് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. എല്ലാ ഇന്ത്യാക്കാരും അന്നേ ദിവസം തങ്ങളുടെ തൊഴിലുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഉപവാസം അനുഷ്ഠിക്കാനും ദേശീയനേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ സംഭവം റൗലറ്റ് സത്യാഗ്രഹം എന്നറിയപ്പെടുന്നു.

ഡല്‍ഹി നഗരത്തില്‍ ഹര്‍ത്താല്‍ വിജയകരമായിരുന്നെങ്കിലും വര്‍ദ്ധിച്ചുവന്ന സംഘര്‍ഷങ്ങള്‍ ആ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍, പ്രത്യേകിച്ചും പഞ്ചാബ് തുടങ്ങിയ പ്രവിശ്യകളില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ പലപ്പോഴും അക്രമസംഭവങ്ങളിലേയ്ക്ക് വഴുതി വീണു. ഇത് ഗാന്ധിജിയെ വളരെയേറെ വേദനിപ്പിച്ചു. പ്രതിഷേധസമരം പൂര്‍ണ്ണമായും അഹിംസയില്‍ അധിഷ്ഠിതമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യാക്കാര്‍ പൂര്‍ണ്ണമായും സത്യാഗ്രഹത്തിന് തയ്യാറായിട്ടില്ല എന്നു കണ്ട ഗാന്ധിജി പ്രക്ഷോഭസമരം പിരിച്ചുവിട്ടു.


1919 മാര്‍ച് 17 ന് റൗലറ്റ് നിയമം പ്രാബല്യത്തില്‍ വന്നു. പഞ്ചാബിലെ പ്രതിഷേധപ്രകടനങ്ങള്‍ താരതമ്യേന ശക്തമായിരുന്നു. ഏപ്രില്‍ 10ന് കോണ്‍ഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാല്‍, ഡോ. സൈഫുദ്ദീന്‍ കിച്ചലു എന്നിവര്‍ അറസ്റ്റിലായി. അമൃത്സറില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രതിഷേധപ്രകടനം കുപ്രസിദ്ധമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ കലാശിച്ചുടിച്ചമര്‍ത്തല്‍ നിമയങ്ങളെക്കുറിച്ചുള്ള കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1922ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മറ്റ് ഇരുപത്തിമൂന്ന് നിയമങ്ങളോടൊപ്പം റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി. തുടര്‍ച്ചയായ കരിനിയമത്തിനായുള്ള പോരാട്ടത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ആയില്ലന്നത് ഇന്നത്തെ ഭരണകൂട ഭീകരതക്കെതിരായുള്ള സമര പോരാളികള്‍ക്ക് തിരിച്ചറിവ് ആവേശം പകരും. റൗലത്ത് ആക്ടിന്റെ ഇരകളായി നിരവധി പേരാണ് രക്തസാക്ഷികളായത്. പക്ഷെ അവരുടെ രക്തം ഒരിക്കലും പാഴായില്ലന്ന് ചരിത്രം വിളിച്ച് പറയുന്നു. അത് തന്നെയാണ് ഇന്നിന്റെ പോരാട്ടവും നമ്മളോട് വിളിച്ച് പറയുന്നത്.

Next Story

RELATED STORIES

Share it