Sub Lead

മഞ്ചേശ്വരത്ത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

നേരത്തെ ആര്‍എസ്എസ് ഭീഷണിയുള്ള പ്രദേശമായിരുന്നതിനാല്‍ ഇംതിയാസിന്റെ നേതൃത്വത്തിലുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പള്ളിക്ക് സംരക്ഷണമൊരുക്കാന്‍ എത്തിയതായിരുന്നു. ഇംതിയാസിനെ ആക്രമിച്ച ആര്‍എസ്എസ് സംഘത്തില്‍പ്പെട്ടയാളാണ് കിരണ്‍ കുമാര്‍.

മഞ്ചേശ്വരത്ത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X

മഞ്ചേശ്വരം: മഞ്ചേശ്വരം കടമ്പാറില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കടമ്പാര്‍ സ്വദേശിയും മംഗളൂരുവില്‍ എ സി മെക്കാനിക്കുമായ ഗുരുപ്രസാദ് (23), സുഹൃത്തും കൂലി പണിക്കാരനുമായ കിരണ്‍ കുമാര്‍ (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച്ച രാത്രി 8.30ഓടെ കടമ്പാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുരു പ്രസാദിന് വയറിന് പിറക് വശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച്ച രാവിലെ ഇതേ പ്രദേശത്ത് ആര്‍എസ്എസുകാര്‍ അക്രമം നടത്തിയിരുന്നു. മസ്ജിദ് കവാടത്തിനരികെ ടയര്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച കടമ്പാര്‍ ഗാന്ധിനഗര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഇംതിയാസി(29)നെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അദ്ധേഹത്തെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. റഷീദ് എന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. നേരത്തെ ആര്‍എസ്എസ് ഭീഷണിയുള്ള പ്രദേശമായിരുന്നതിനാല്‍ ഇംതിയാസിന്റെ നേതൃത്വത്തിലുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പള്ളിക്ക് സംരക്ഷണമൊരുക്കാന്‍ എത്തിയതായിരുന്നു. ഇംതിയാസിനെ ആക്രമിച്ച ആര്‍എസ്എസ് സംഘത്തില്‍പ്പെട്ടയാളാണ് കിരണ്‍ കുമാര്‍ പ്രദേശവാസികള്‍ പറയുന്നു. രണ്ട് സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പോലിസ് പരിശോധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it