Sub Lead

മണിപ്പൂരിലെ കുക്കി സംഘടനയെ നിരോധിച്ചു

മണിപ്പൂരിലെ കുക്കി സംഘടനയെ നിരോധിച്ചു
X

ഇംഫാല്‍: മണിപ്പൂരിലെ കുക്കി അനുകൂല സംഘടനയായ വേള്‍ഡ് കുകി സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ നിരോധിച്ചു. പോലിസ് ഉദ്യോഗസ്ഥനായ ചിങ്ങം ആനന്ദ് കുമാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നടപടി. യുഎപിഎ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ 11നു മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ ഓഫിസില്‍ ചേര്‍ന്ന മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം നിയമവിരുദ്ധമായ സംഘടനയായി മണിപ്പൂര്‍ മന്ത്രിസഭ 2023 ഒക്‌ടോബര്‍ 31ന് നടന്ന അടിയന്തര യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ മോറെയിലും സമീപ പ്രദേശങ്ങളിലും സംയുക്ത ഓപറേഷന്‍ ആരംഭിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇത് തുടരാനും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. ഇതിനായി ഇംഫാലില്‍ നിന്ന് കൂടുതല്‍ സംസ്ഥാന സേനയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ കുക്കി-മെയ്‌തെയ് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഇന്ന് സബ് ഡിവിഷനല്‍ പോലിസ് ഓഫീസര്‍ ചിങ്തം ആനന്ദ് കൊല്ലപ്പെട്ടത്. മ്യാന്‍മര്‍ അതിര്‍ത്തിയായ മോറെയില്‍ നിര്‍മാണത്തിലിരിക്കുന്ന ഹെലിപാഡിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇതിനു പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്ന് നിരോധിച്ചത്.

അതേസമയം, മണിപ്പൂര്‍ മന്ത്രിസഭായോഗത്തിലെ തീരുമാനത്തില്‍ ഞെട്ടിപ്പോയെന്നും മോറെയിലെ നിരപരാധികളെ വിവേചനരഹിതമായി ഉപദ്രവിച്ച മണിപ്പൂര്‍ പോലിസ് കമാന്‍ഡോയുടെ ക്രൂരമായ പ്രവൃത്തികളെയും അപലപിക്കുന്നതായും വേള്‍ഡ് കുകി സോ ഇന്റലക്ച്വല്‍ കൗണ്‍സില്‍ പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it