Sub Lead

'മാലേഗാവ് സ്‌ഫോടനക്കേസിലെ വിചാരണ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ അറിയിക്കണം': എന്‍ഐഎ കോടതിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം

ഓരോ ദിവസവും ഒന്നിലധികം സാക്ഷികള്‍ വിസ്താരത്തിനായി കോടതിയില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, വിജി ബിഷ്ത് എന്നിവരടങ്ങിയ ബെഞ്ച് ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍ഐഎ) ആവശ്യപ്പെട്ടു.

മാലേഗാവ് സ്‌ഫോടനക്കേസിലെ    വിചാരണ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ അറിയിക്കണം: എന്‍ഐഎ കോടതിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കീഴിലുള്ള പ്രത്യേക കോടതിയോട് ബോംബെ ഹൈക്കോടതി ബുധനാഴ്ച നിര്‍ദേശിച്ചു. ഓരോ ദിവസവും ഒന്നിലധികം സാക്ഷികള്‍ വിസ്താരത്തിനായി കോടതിയില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, വിജി ബിഷ്ത് എന്നിവരടങ്ങിയ ബെഞ്ച് ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍ഐഎ) ആവശ്യപ്പെട്ടു.

'തങ്ങള്‍ ഇത് 3 ആഴ്ചയ്ക്ക് ശേഷം പരിശോധിക്കും. സാക്ഷികളെ എങ്ങനെയാണ് വിസ്തരിക്കുന്നത് എന്ന് പരിശോധിക്കാന്‍ തങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസേന സാക്ഷികളെ എങ്ങനെ വിസ്തരിക്കുന്നു എന്ന് റോസ്‌നാമയില്‍ നിന്ന് നമുക്ക് കാണാം.ആരാണ് സമയം എടുക്കുന്നത്, എന്തിനാണ് വിചാരണ മാറ്റിവെക്കുന്നത്, സാക്ഷികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ക്ക് അറിയാനാകും'-ബെഞ്ച് വ്യക്തമാക്കി.

സ്‌ഫോടനം നടന്ന് 14 വര്‍ഷത്തിന് ശേഷം കേസിന്റെ വിചാരണ അനാവശ്യമായി വൈകിക്കുകയാണെന്നും ബന്ധപ്പെട്ട സാക്ഷികളെ വിസ്തരിക്കാന്‍ ബാക്കിയുണ്ടെന്നും കാണിച്ച് പ്രതികളിലൊരാളായ സമീര്‍ കുല്‍ക്കര്‍ണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും വേഗത്തിലുള്ള വിചാരണ നടപടികള്‍ പുരോഗമിക്കുന്നില്ലെന്ന് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ബെഞ്ച് പ്രത്യേക കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം ജൂണ്‍ ആറിന് പുതിയ വിചാരണ കോടതി ജഡ്ജി ചുമതലയേറ്റ ശേഷം 12 സാക്ഷികളെ വിസ്തരിച്ചുവെന്ന് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദ്ദേശിച്ച പ്രകാരം ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ പുരോഗമിക്കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.

495 സാക്ഷികളില്‍ 256 സാക്ഷികളെ കോടതി വിസ്തരിച്ചുവെന്നും 218 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നും വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലവും ഏജന്‍സി സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പരിഗണിച്ച ബെഞ്ച്, വിചാരണ പുരോഗതി അറിയിച്ചുകൊണ്ട് രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക എന്‍ഐഎ ജഡ്ജിയോട് നിര്‍ദേശിച്ചു. വിചാരണയുടെ പുരോഗതി എങ്ങനെയെന്ന് നിരീക്ഷിക്കാന്‍ ഒരു മാസത്തെ റോസ്‌നാമ (പ്രതിദിന നടപടികളുടെ രേഖ) സമര്‍പ്പിക്കാന്‍ എന്‍ഐഎ അഭിഭാഷകന്‍ സന്ദേശ് പാട്ടീലിനോട് കോടതി ആവശ്യപ്പെട്ടു.

കേസ് ആഗസ്ത് ഒന്നിന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it