തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുക, അല്ലെങ്കില്‍ ഏറ്റുട്ടലില്‍ മരിക്കുക; ക്രൂരമര്‍ദ്ദനത്തിന് ശേഷം കശ്മീരി യുവാവിനോട് സൈനിക ഓഫിസര്‍

സായുധ പോരാട്ട സംഘത്തിലെ അംഗമെന്നു വരുത്തിതീര്‍ക്കാന്‍ തോക്കുമായി ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്തപക്ഷം ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മേജര്‍ ശുക്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാനി വ്യക്തമാക്കി.

തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുക,  അല്ലെങ്കില്‍ ഏറ്റുട്ടലില്‍ മരിക്കുക; ക്രൂരമര്‍ദ്ദനത്തിന്   ശേഷം കശ്മീരി യുവാവിനോട് സൈനിക ഓഫിസര്‍

ശ്രീനഗര്‍: സൈനിക ക്യാംപിലേക്ക് വിളിച്ചുവരുത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കശ്മീരി യുവാവ്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുല്‍വാമയിലെ അച്ചാഗോസ മേഖലയില്‍നിന്നുള്ള 27കാരന്‍ തൗസീഫ് അഹമ്മദ് വാനിയാണ് സൈനിക ക്രൂരത സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പുല്‍വാമയിലെ ഷാദിമാര്‍ഗ് 44 ആര്‍ആര്‍ സൈനിക ക്യാംപിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ഈ മാസം നാലിനാണ് സംഭവം.

സായുധ പോരാട്ട സംഘത്തിലെ അംഗമെന്നു വരുത്തിതീര്‍ക്കാന്‍ തോക്കുമായി ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്തപക്ഷം ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മേജര്‍ ശുക്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാനി വ്യക്തമാക്കി.

ക്യാംപില്‍ എത്തണമെന്നാവശ്യപ്പെട്ട് ഫോണ്‍വിളിക്കു പിന്നാലെ സുഹൃത്തിനോടൊപ്പം സ്വന്തം വാഹനത്തിലാണ് വാനി ക്യാംപിലെത്തിയത്. മേജര്‍ ശുക്ലയെ കാണാന്‍ ക്യാംപിലെത്തിയതിനു പിന്നാലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ സൈനികരെത്തി ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ബോധം പോവുംവരെ മര്‍ദ്ദിച്ചു. പിന്നീട് വിവസ്ത്രനാക്കിയും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ, തോക്കുമായി ഫോട്ടോയ്ക്കു പോസ് ചെയ്യണമെന്നും അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നും ശുക്ല ഭീഷണിപ്പെടുത്തിയതായും വാനി ആരോപിച്ചു.

ഇഗ്നോയില്‍ എംഎ വിദ്യാര്‍ഥിയായ വാനിക്ക് ഒരു സഹോദരിയും രണ്ടു സഹോദരന്‍മാരുമാണുള്ളത്. വാനിയുടെ ഇളയ സഹോദരന്‍ സൈന്യത്തിലാണ് സേവനമനുഷ്ടിക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് ഔറംഗസീബ് എന്ന സൈനികന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വാനിയുടെ സഹോദരന്‍ കസ്റ്റഡിയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ സൈനിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കശ്മീരില്‍ പ്രതിഷേധം ശക്തമാവുകയാണ്. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ശൂരത്വമല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബെ മുഫ്തി പ്രതികരിച്ചു.

RELATED STORIES

Share it
Top