Sub Lead

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍ കേരളത്തില്‍ വന്ന് മടങ്ങിയവരും

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍ കേരളത്തില്‍ വന്ന് മടങ്ങിയവരും
X

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപ വകഭേദം കണ്ടെത്തി. കേരളത്തില്‍നിന്ന് മടങ്ങിയെത്തിയവരില്‍ നിന്നുള്‍പ്പെടെ ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബിഎ-4, ബിഎ-5 വകഭേദങ്ങളാണ് ഇവരില്‍ കണ്ടെത്തിയത്. ബിഎ-4 വകഭേദം നാല് പേരിലും ബിഎ- 5 വകഭേദം മൂന്ന് പേരിലും കണ്ടെത്തി. പൂനയിലാണ് ഏഴ് കേസും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. നാല് രോഗികള്‍ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേര്‍ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്.

പ്രായപൂര്‍ത്തിയായ ആറ് പേരും വാക്‌സിന്‍ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയവരാണ്. ഒരാള്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്‌സിനെടുത്തിട്ടില്ല. ഇവരില്‍ രണ്ടുപേര്‍ ദക്ഷിണാഫ്രിക്കയിലേക്കും ബെല്‍ജിയത്തിലേക്കും മൂന്നുപേര്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികള്‍ക്ക് സമീപകാല യാത്രാ ചരിത്രമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എല്ലാവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടില്‍ ചികില്‍സയിലായിരുന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ആണ് മുഴുവന്‍ ജീനോം സീക്വന്‍സിങ്ങും നടത്തിയത്. അതിന്റെ കണ്ടെത്തല്‍ ഫരീദാബാദിലെ ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്റര്‍ സ്ഥിരീകരിച്ചു. പൂനെയില്‍ നിന്നുള്ള ഏഴ് രോഗികളിലാണ് ഉപ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്- ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് 4 നും 18 നും ഇടയിലാണ് ഇവരുടെ സാംപിളുകള്‍ എടുത്തത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ ഏപ്രിലില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതുവരെ സംസ്ഥാനത്ത് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല.

Next Story

RELATED STORIES

Share it