Sub Lead

മഹാരാഷ്ട്ര: എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി

ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നാണു റിപോര്‍ട്ട്

മഹാരാഷ്ട്ര: എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി
X
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മന്ത്രിസഭയില്‍ എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും നല്‍കാന്‍ ധാരണ. ത്രികക്ഷി സഖ്യം എന്നറിയപ്പെടുന്ന മഹാ വികാസ് അഗാഡിയുടെ യോഗശേഷം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണത്തെ കുറിച്ചും ധാരണയായതായാണു സൂചന. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 ഉം ആണെന്നാണു റിപോര്‍ട്ടുകള്‍. വൈ ബി ചവാന്‍ സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനം. എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിച്ചതായി യോഗശേഷം കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. യോഗത്തില്‍ ശരദ് പവാറും സുപ്രിയാ സുലേയും പങ്കെടുത്തു. നേരത്തേ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇക്കാര്യം എന്‍സിപി നേതാക്കള്‍ തന്നെ തള്ളുകയായിരുന്നു. മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച കൂടുതല്‍ കാര്യത്തിലും വ്യാഴാഴ്ച ആരെല്ലാം സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും രാത്രി തന്നെ തീരുമാനമെടുക്കും.

അതിനിടെ, മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നാളെ വൈകീട്ട് അഞ്ചിനു നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി ക്ഷണിച്ചു. എന്നാല്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നാണു റിപോര്‍ട്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും പങ്കെടുക്കില്ല. കെജ്‌രിവാള്‍ പങ്കെടുക്കില്ലെന്ന് ആദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥ് ചടങ്ങില്‍ പങ്കെടുക്കും. സത്യാപ്രതിജ്ഞാ ചടങ്ങിനു സുരക്ഷയൊരുക്കുന്നതിനു വേണ്ടി ശിവാജി പാര്‍ക്കില്‍ 2000 പോലിസുകാരെ വിന്യസിക്കും.

Next Story

RELATED STORIES

Share it