Sub Lead

കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; മഹാരാഷ്ട്രയില്‍ മരണസംഖ്യ 164 ആയി, 100 പേരെ കാണാനില്ല

കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; മഹാരാഷ്ട്രയില്‍ മരണസംഖ്യ 164 ആയി, 100 പേരെ കാണാനില്ല
X

മുംബൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ മരണപ്പെട്ടവരുടെ എണ്ണം 164 ആയി ഉയര്‍ന്നു. റായ്ഗഡില്‍ 11 മൃതദേഹങ്ങളും വാര്‍ധ, അകോല എന്നിവിടങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 100 പേരെയാണ് കാണാതായത്. റായ്ഗഡില്‍ സതാര 27, രത്‌നഗിരി 14, താനെനാല്, സിന്ധുദുര്‍ഗ്, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി 53 പേരെ കാണാതായി. മണ്ണിടിച്ചിലുണ്ടായ റായ്ഗഡിലെ തലിയെ ഗ്രാമത്തിലെ തിരച്ചില്‍ അവസാനിപ്പിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള 31 പേരും മരിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

റായ്ഗഡ് ജില്ലയില്‍ 71, സതാരയില്‍ 41, രത്‌നഗിരിയില്‍ 21, താനെയില്‍ 12, കോലാപ്പൂരില്‍ ഏഴ്, മുംബൈയില്‍ നാല്, സിന്ധുദുര്‍ഗ്, പൂനെ, വാര്‍ധ, അകോല എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവുമാണ് മരിച്ചത്. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 56 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്ഗഡില്‍ ഇതുവരെ 34 പേര്‍ക്കും മുംബൈയിലും രത്‌നഗിരിയിലും ഏഴ് വീതവും താനെയില്‍ ആറ് പേര്‍ക്കും സിന്ധുദുര്‍ഗില്‍ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നിരവധി ടീമുകളെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2,29,074 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

കോലാപ്പൂര്‍ ജില്ലയില്‍ മാത്രം 42,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന എന്‍എച്ച് 48ന്റെ ഒരു ലെയിന്‍ ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. അവശ്യസര്‍വീസ് നടത്തുന്ന വാഹനങ്ങളെ മാത്രമാണ് ഈ ലെയിനിലൂടെ അനുവദിക്കുന്നത്. അതേസമയം, സത്താറ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി തിരിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂനെയിലേക്ക് മടങ്ങി.

കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി ജില്ലയില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായ സ്ഥലമായ ചിപ്ലൂണ്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ താമസക്കാര്‍, ബിസിനസുകാര്‍, കടയുടമകള്‍ എന്നിവരുമായി സംവദിച്ചു. പ്രദേശത്തെ സാധാരണ നില പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. 'ദീര്‍ഘകാല ലഘൂകരണ നടപടികള്‍ക്ക് കേന്ദ്രസഹായം' ആവശ്യമാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ തയ്യാറാക്കും. പേരിനും പ്രശസ്തിക്കും വേണ്ടി ഒരു ദുരിതാശ്വാസ പ്രഖ്യാപനവും നടത്താന്‍ തത്കാലമില്ല.

സംസ്ഥാനത്തെ വെള്ളപ്പൊക്കം ബാധിക്കുന്ന പ്രദേശങ്ങളില്‍ ശാശ്വതമായ പരിഹാരത്തിനുള്ള പോംവഴികളും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഇന്ന് സാംഗ്ലി ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ പര്യടനം നടത്തി. ഒരു റെസ്‌ക്യൂ ബോട്ട് ഉപയോഗിച്ച് ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ കണ്ടെത്താനായി. പവാര്‍ പ്രളയബാധിതരുമായി സംവദിക്കുകയും അവര്‍ക്ക് പുനരധിവാസവും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുകയും ചെയ്തു.

Next Story

RELATED STORIES

Share it