Sub Lead

മദ്‌റസ സര്‍വേ: യുപി ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ഗൂഢോദ്ദേശമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം നിലവിലുള്ള സാഹചര്യത്തില്‍ വര്‍ഗ്ഗീയ ചിന്താഗതി പുലര്‍ത്തുന്നവരുടെ സമീപനത്തിലാണെന്നും മദ്‌റസകളുടെ സര്‍വേ നടത്തിക്കുന്നതില്‍ അല്ലെന്നും സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.

മദ്‌റസ സര്‍വേ: യുപി ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ഗൂഢോദ്ദേശമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
X

ന്യൂഡല്‍ഹി: മദ്‌റസയുടെ സര്‍വേയില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ സര്‍വേ നടത്തിക്കുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങളിലും തെറ്റായ സമീപനത്തിലുമാണ് തങ്ങള്‍ക്ക് എതിര്‍പ്പുള്ളതെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷനും ദാറുല്‍ ഉലൂം ദേവ്ബന്ദ് സദ്‌റുല്‍ മുദരിസീനുമായ മൗലാനാ സയ്യിദ് അര്‍ഷദ് മദനി.സര്‍വേ നിര്‍ബന്ധമാണെങ്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എന്ത് കൊണ്ട് സര്‍വേ നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം നിലവിലുള്ള സാഹചര്യത്തില്‍ വര്‍ഗ്ഗീയ ചിന്താഗതി പുലര്‍ത്തുന്നവരുടെ സമീപനത്തിലാണെന്നും മദ്‌റസകളുടെ സര്‍വേ നടത്തിക്കുന്നതില്‍ അല്ലെന്നും സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു. രാജ്യം മുഴുവനും കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികള്‍ വെറുപ്പിന്റെ അന്തരീക്ഷം വ്യാപകമാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന സമീപനവും അങ്ങേയറ്റം വേദനാജനകമാണ്. അവരുടെ ഓരോ നയങ്ങളും മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും തകര്‍ക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാകുന്നു.

പ്രത്യേകിച്ചും ദീനീ മദ്‌റസകള്‍ വര്‍ഗീയവാദികളുടെ കണ്ണിലെ കരടാണ്. അതുകൊണ്ട് മദ്‌റസകളുടെ അവസ്ഥകള്‍ നന്നാക്കാന്‍ വേണ്ടിയുള്ളത് എന്ന വാദത്തോടെ മദ്‌സകളുടെ സര്‍വേ നടത്താന്‍ അവര്‍ വരുന്നതില്‍ തങ്ങള്‍ക്ക് ന്യായമായും സംശയമുണ്ട്. ഇസ്‌ലാമിക സ്ഥാപനങ്ങള്‍ സമുദായത്തിന്റെ ജീവനാഢിയാണ്. എന്നാല്‍ ഓരോ സ്ഥാപനങ്ങളും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ തങ്ങള്‍ പരിശ്രമിക്കുന്നുണ്ട്.

പക്ഷേ, വര്‍ഗീയ വാദികള്‍ അവയെ ഇല്ലാതാക്കാനുള്ള അശുദ്ധമായ ഗൂഢാലോചനകളില്‍ മുഴുകി കഴിയുകയാണ്. പടച്ചവന്റെ സഹായത്താല്‍ ഞങ്ങള്‍ അതിനെ ഒരിക്കലും അനുവദിക്കുന്നതല്ല. മദ്‌റസകള്‍ രാജ്യത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ളതല്ല. മറിച്ച് രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ളതാണെന്നതിന് മദ്‌റസകളുടെ നൂറ്റിയമ്പത് വര്‍ഷത്തെ ചരിത്രം സാക്ഷിയാണ്. എന്നാല്‍ ഇന്ന് മദ്‌റസകളെ ആസാമില്‍ ഭീകരവാദ കേന്ദ്രങ്ങളെന്ന് ആരോപിച്ചു കൊണ്ട് തകര്‍ത്തു കൊണ്ടിരിക്കുന്നു. അസമാധാനം പ്രചരിപ്പിക്കുന്ന അല്‍ഖാഇദയുടെ കേന്ദ്രമാണെന്നും അവര്‍ മദ്‌റസകളെ കുറിച്ച് ആരോപിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശിലും മദ്‌റസകളുടെ വിവരണം ശേഖരിക്കാന്‍ ഗവണ്‍മെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ അസ്വസ്ഥത ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തെ വിശ്വാസത്തിലെടുക്കല്‍ അത്യാവശ്യമാണ്. ഉത്തര്‍പ്രദേശില്‍ ഇത്തരം ധാരാളം മദ്‌റസകള്‍ നിലനില്‍ക്കുന്നതും ഗവണ്‍മെന്റിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്നുണ്ട്.

മദ്‌റസകളുടെ കണക്കെടുപ്പ് അത്യാവശ്യമാണെങ്കില്‍ സൗകാര്യവും സ്വതന്ത്രവുമായ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വേ എന്തുകൊണ്ടാണ് എടുക്കാത്തത്? ഗവണ്‍മെന്റിന്റെ ഉദ്ദേശം ശുദ്ധമാണെങ്കില്‍ ഈ വേര്‍തിരിവ് എന്തിനു വേണ്ടിയാണ്? മദ്‌റസകള്‍ എവിടെയാണുള്ളത്? ഏത് ഭൂമിയിലാണുള്ളത്? അത് നടത്തുന്നവര്‍ ആരെല്ലാമാണ്? ഇത്യാദി കാര്യങ്ങളാണ് സര്‍വേയുടെ ലക്ഷ്യമെങ്കില്‍ അതിലെന്തങ്കിലും തെറ്റുള്ളതായി നമ്മള്‍ കാണുന്നില്ല. മുസ്‌ലിംകള്‍ ഇത്തരം സര്‍വേയുമായി സഹകരിക്കാന്‍ തയ്യാറുമാണ്. മദ്‌റസകളുടെ കവാടങ്ങള്‍ എന്നും എല്ലാവര്‍ക്കും വേണ്ടിയും തുറന്നിട്ടിരിക്കുന്നു. മദ്‌റസയുടെ ഉള്ളില്‍ എന്തെങ്കിലും തേടി പിടിക്കേണ്ട യാതൊരു ആവശ്യവുമില്ല.

മദ്‌റസകള്‍ കണ്ണാടി പോലെ വ്യക്തമായ പ്രസ്ഥാനമാണ്. ആസാമിലെ മുഖ്യമന്ത്രി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മദ്‌റസകളെ തകര്‍ക്കാന്‍ പരിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സമര്‍ഥിക്കാന്‍ ലോകാവസാനം വരെയും അദ്ദേഹത്തിന് സാധിക്കുകയില്ല. ഇതിന് മുമ്പ് കോണ്‍ഗ്രസ് ഭരണത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ധാരാളം മദ്‌റസകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഉന്നയിക്കാത്ത ആരോപണം ബിജെപിയുടെ പേരില്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഉന്നയിക്കുന്നത് രാജാവിനേക്കാളും വലിയ രാജഭക്തി പ്രകടിപ്പിക്കാനുള്ള അഭ്യാസം മാത്രമാണ്.

Next Story

RELATED STORIES

Share it