Sub Lead

'വ്യാപാരികളോട് വിരട്ടല്‍ വേണ്ട'; ഇത് കേരളമാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം: എം കെ മുനീര്‍

വ്യാപാരികളോട് വിരട്ടല്‍ വേണ്ട; ഇത് കേരളമാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം: എം കെ മുനീര്‍
X

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. പ്രളയകാലത്ത് അടക്കം മലയാളികള്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോള്‍ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികള്‍. അവരോട് വിരട്ടല്‍ വേണ്ട. ഇത് കേരളമാണെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലതാണ്. എം കെ മുനീര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുകയാണ്. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയാണ്. ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് 'മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടും' എന്ന ആക്രോശമെന്നും മുനീര്‍ കുറ്റപ്പെടുത്തി.

ഇനിയും എത്ര കാലം ഈ പാവങ്ങള്‍ കിറ്റിന്റെ മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണമെന്നും എംകെ മുനീര്‍ ചോദിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ല. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it