Sub Lead

പാര്‍ട്ടി രേഖകളില്‍ 'ലൗ ജിഹാദ്';മറ നീങ്ങുന്നത് സിപിഎം കാപട്യത്തിന്റെ ആവര്‍ത്തനം

കേരളത്തില്‍ 'ലൗജിഹാദ്' ഇല്ലെന്ന് പുറമെ പറയുകയും എന്നാല്‍, 'ലൗജിഹാദി'നെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി രേഖകളിലൂടെ ബോധവല്‍കരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ കാപട്യമാണ് ജോര്‍ജ്ജ് എം തോമസിലൂടെ പുറത്തു വന്നത്.ഇക്കാര്യത്തില്‍ ഇരട്ടത്താപ്പിന്റെ ദുരൂഹ മൗനമാണ് സിപിഎം നേതൃത്വം ആവര്‍ത്തിക്കുന്നത്

പാര്‍ട്ടി രേഖകളില്‍ ലൗ ജിഹാദ്;മറ നീങ്ങുന്നത് സിപിഎം കാപട്യത്തിന്റെ ആവര്‍ത്തനം
X

പിസി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം വിഷയങ്ങളില്‍ കാലങ്ങളായി സിപിഎം കൊണ്ടു നടക്കുന്ന കാപട്യവും ഇരട്ടത്താപ്പും പുതിയ 'ലൗജിഹാദ്' വിവാദത്തിലും മറനീങ്ങുന്നു. കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന സിപിഎം പ്രഖ്യാപിത നിലപാടിലെ ആത്മാര്‍ഥതയില്ലായ്മ തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.'ലൗജിഹാദി'നെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി രേഖകളില്‍

ആവശ്യപ്പെടുന്നുണ്ടെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് ഇന്നലെ വ്യക്തമാക്കിയത്. കേരളത്തില്‍ 'ലൗജിഹാദ്' ഉണ്ടെന്ന് പാര്‍ട്ടി ജേര്‍ണലുകളിലും രേഖകളിലും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ജോര്‍ജ് എം തോമസ് തുറന്നു പറഞ്ഞത്. കേരളത്തിലെ പ്രഫഷണല്‍ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും 'ലൗജിഹാദ്' അടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിശദീകരിച്ചു.

സംഘ പരിവാറിന്റെ സമാന ആരോപണങ്ങളെ പാര്‍ട്ടി രേഖകള്‍ ചൂണ്ടിക്കാട്ടി പരസ്യമായി ആവര്‍ത്തിക്കുകയാണ് സിപിഎം നേതാവ് ചെയ്തത്.കേരളത്തില്‍ 'ലൗ ജിഹാദ്' ഉണ്ടെന്ന് സിപിഎം രേഖകള്‍ അംഗീകരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്. എന്‍ഐഎ അടക്കമുള്ള രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സുപ്രിംകോടതി വരെയും 'ലൗ ജിഹാദ്' ഇല്ലെന്നു വിധിയെഴുതിയതാണ്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഫെബ്രുവരി 4 ന് കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ലമെന്റില്‍ അറിയിച്ചതുമാണ്.ഈ സാഹചര്യത്തില്‍ 'ലൗ ജിഹാദ്' യാഥാര്‍ഥ്യമാണെന്ന പരാമര്‍ശം സിപിഎം രേഖകളില്‍ എങ്ങനെ ഇടം നേടി എന്നത് വിശദീകരിക്കപ്പെടേണ്ടതാണ്. ഈ രേഖ ഇത്രയും കാലം സിപിഎം എന്തിനു മറച്ചു വച്ചു എന്നതും വ്യക്തമാക്കപ്പെടേണ്ടതാണ്.

പാര്‍ട്ടി രേഖകളില്‍ 'ലൗ ജിഹാദ്' യാഥാര്‍ഥ്യമാണെന്ന് പറയുന്നുണ്ടെന്ന ജോര്‍ജ് എം തോമസിന്റെ വെളിപ്പെടുത്തല്‍ സിപിഎം നേതൃത്വം ഇതുവരെ നിഷേധിച്ചിട്ടില്ല എന്നതും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.'ലൗ ജിഹാദ്' നുണ വിവാദം വി എസ് അച്യുതാനന്ദന്‍ കേരളീയ സമൂഹത്തിന്റെ പൊതു ചര്‍ച്ചയിലേക് ഉയര്‍ത്തി കൊണ്ടു വന്നപ്പോള്‍ സ്വീകരിച്ച മൗനവും ഇരട്ടത്താപ്പും കാപട്യവുമാണ് ജോര്‍ജ് എം തോമസിന്റെ വെളിപ്പെടുത്തലിലും ആവര്‍ത്തിക്കുന്നത്. 12 വര്‍ഷം മുന്‍പ് 'ലൗ ജിഹാദി'ന്റെ പേരില്‍ വിഎസ് അച്യുതാനന്ദന്‍ വിതച്ച വിദ്വേഷത്തിന്റെ വിത്താണ് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഇപ്പോള്‍ ഹിന്ദുത്വ ഭീകരര്‍ കൊയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ ആര്‍ഭാടമായി നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സൂര്യനു കീഴെയുള്ള വിഷയങ്ങളെല്ലാം സിപിഎം ചര്‍ച്ചക്കെടുത്തിട്ടും തൊട്ടടുത്ത കര്‍ണ്ണാടകയിലെ മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വ ഭീകര അഴിഞ്ഞാട്ടം പോലും പരാമര്‍ശിച്ചില്ല.സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനു ശേഷമാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ ദേശീയതലത്തില്‍ 'ലൗ ജിഹാദ്' പ്രചരണ വിഷയമാക്കിയത്.

2010 ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാദ പ്രസ്താവന.'ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ കല്യാണം കഴിച്ച്, 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം പ്രദേശമാക്കി മാറ്റും എന്നായിരുന്നു അച്യുതാനന്ദന്‍ പറഞ്ഞത്.അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ സിപിഎം ഒരു ഘട്ടത്തിലും എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞതും വിഎസ് തന്നെയാണ്. മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് പരീക്ഷയിലും എന്‍ട്രന്‍സിലും മറ്റും വിജയിക്കുന്നതെന്ന ആക്ഷേപമായിരുന്നു വിഎസ് ഉന്നയിച്ചത്. ഈ ആരോപണവും പാര്‍ട്ടി നിഷേധിച്ചിരുന്നില്ല.

മുസ്‌ലിം സംരക്ഷണത്തിന്റെ അധര വ്യായാമങ്ങളില്‍ അഭിരമിച്ച് വോട്ടു നേടി അധികാരത്തുടര്‍ച്ചകളുണ്ടാക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ പൊതു ബോധം എത്രമേല്‍ മുസ്‌ലിം വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് വിഎസ് മുതര്‍ ജോര്‍ജ് എം തോമസ് വരെയുള്ള പാര്‍ട്ടി കാപട്യത്തിന്റെ നാള്‍ വഴികള്‍.

Next Story

RELATED STORIES

Share it