Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന്
X
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുക എന്ന നിലപാട് സ്വീകരിക്കുന്നതോടൊപ്പം കേരളത്തിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019 ലെ നിലപാട് ആവര്‍ത്തിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനാവശ്യമായ പല ഘടകങ്ങളില്‍ ഒന്നാണ് പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുക എന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഈ ആശയത്തെ മുന്‍ നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമീപനം സ്വീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, വൈസ് പ്രസിഡന്റ് കെ എ ഷെഫീക്ക് സംബന്ധിച്ചു.

ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാര്‍, വീണ്ടും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിര്‍ണായക ഘട്ടത്തിലാണ് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള നടപടികള്‍ ഒന്നിന് പിറകെ ഒന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. സവര്‍ണ ഹിന്ദുത്വ വംശീയ നിലപാടുകള്‍ തീവ്രമായി നടപ്പാക്കുന്ന ബിജെപിയുടെ ഭരണ നടപടികളും അവരുടെ കോര്‍പറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങള്‍ രാജ്യത്തെ സമസ്ത മേഖലകളെയും തകര്‍ത്തിരിക്കുന്നു.

സംവരണം പോലെയുള്ള ഭരണഘടനാ പരിരക്ഷകള്‍ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. ഇനി ഒരിക്കല്‍ കൂടി സംഘ്പരിവാര്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയില്ല എന്നതുറപ്പാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ കൂട്ടായി അണിചേര്‍ന്ന് എന്ത് വില കൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കണമെന്ന രാഷ്ട്രീയ നിലപാടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയാടിസ്ഥാനത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it