Sub Lead

പാര്‍ലമെന്റിലെ അതിക്രമം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

പാര്‍ലമെന്റിലെ അതിക്രമം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാട്ടിയ സംഭവത്തിലെ സുരക്ഷാ വീഴ്ചയില്‍ നടപടി. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ലോക്‌സഭാ സെക്രട്ടേറിയറ്റ് ആണ് നടപടിയെടുത്തത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. നേരത്തേ പ്രതികള്‍ക്കെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസി 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ഒന്നോടെ ലോക്‌സഭയുടെ ശൂന്യവേളയില്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് ചേംബറിലേക്ക് ചാടിയിറങ്ങി അതിക്രമം നടത്തിയത്. സാഗറാണ് ആദ്യം ചാടിയിറങ്ങി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്തത്. കൂടെയുണ്ടായിരുന്ന മനോരഞ്ജന്‍ അല്‍പ്പസമയത്തിനു ശേഷം പുകയുടെ കാന്‍ തുറക്കുകയായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ മേശയ്ക്കു മുകളിലൂടെ ചാടിയ സാഗറിനെ എംപിമാര്‍ ചേര്‍ന്ന് കീഴടക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമോല്‍, നീലംദേവി എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ ആകെ ആറു പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ അഞ്ചുപേരാണ് പിടിയിലായിട്ടുള്ളത്. ഇന്നലെ തന്നെ ഇവരെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it