Sub Lead

ടിഎംസി ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭയിലേക്ക്, സുപ്രിയോ നിയമസഭയിലേക്ക്

നേരത്തെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ മോദി അധികാരത്തിലേറിയതിനുപിന്നാലെ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നാലെ, മുതിര്‍ന്ന നേതാക്കളുടെ വഴിയേ അദ്ദേഹവും പാര്‍ട്ടി വിടുകയായിരുന്നു.

ടിഎംസി ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭയിലേക്ക്, സുപ്രിയോ നിയമസഭയിലേക്ക്
X

കൊല്‍ക്കത്ത: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അസന്‍സോളില്‍ നിന്ന് തൃണമൂല്‍ ടിക്കറ്റില്‍ മല്‍സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാബുല്‍ സുപ്രിയോ ബാലിഗംഗില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

'മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ ശ്രീ ശത്രുഘ്‌നന്‍ സിന്‍ഹയെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അസന്‍സോളില്‍ നിന്ന് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്,' ടിഎംസി മേധാവി ട്വീറ്റ് ചെയ്തു.

നേരത്തെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ മോദി അധികാരത്തിലേറിയതിനുപിന്നാലെ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നാലെ, മുതിര്‍ന്ന നേതാക്കളുടെ വഴിയേ അദ്ദേഹവും പാര്‍ട്ടി വിടുകയായിരുന്നു. യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നനെ പോലെ തൃണമൂലിന്റെ ഭാഗമാണ്. ഉന്നതാധികാര സമിതിയില്‍ അംഗമാണ് അദ്ദേഹം.

അതേസമയം, ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോയ്ക്കും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചു. സുപ്രിയോ നിയമസഭയിലേക്കാണ് മത്സരിക്കുന്നത്. ബാലിഗഞ്ച് സീറ്റില്‍ നിന്നാണ് മത്സരം. ബിജെപിയുടെ ഏറ്റവും പ്രമുഖ നേതാവായിരുന്നു സുപ്രിയോ. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം തൃണമൂലില്‍ എത്തുകയായിരുന്നു.

ബാലിഗഞ്ചില ഉപതിരഞ്ഞെടുപ്പില്‍ സുപ്രിയോ ജയിക്കുമെന്നാണ് തൃണമൂലിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 12നാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ പതിനാറിനാണ് വോട്ടെണ്ണല്‍. പ്രതിപക്ഷമായ ബിജെപി തകര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ തൃണമൂല്‍ അനായാസ വിജയം നേടുമെന്നാണ് കരുതുന്നത്.

അസന്‍സോള്‍ പാര്‍ലമെന്റ് സീറ്റ് ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ രാജിവെച്ചതോടെ ഒഴിവ് വന്ന മണ്ഡലമാണ്. ഇവിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുന്നത്. അതേസമയം ബാലിഗഞ്ച് ടിഎംസി എംഎല്‍എയായിരുന്ന സുബ്രത മുഖര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനായിരുന്നു സുബ്രതയുടെ വിയോഗം. മമതയുടെ സര്‍ക്കാരിലെ സുപ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു സുബ്രത മുഖര്‍ജി. ഇവിടെ ബാബുല്‍ സുപ്രിയോ മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മമതയുടെ വിശ്വസ്തന്‍ കൂടിയാണ് ഇപ്പോള്‍ സുപ്രിയോ.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി തകര്‍ന്നടിയുന്നതാണ് കണ്ടത്. ബിജെപി പരാജയപ്പെട്ടതോടെ പാര്‍ട്ടിയുടെ അധികാരം സുവേന്ദു അധികാരിയുടെ കൈകളിലെത്തി. ഇത് പല നേതാക്കളെയും ചൊടിപ്പിച്ചു. സുവേന്ദു പലരെയും തഴയാന്‍ തുടങ്ങി. തനിക്കൊപ്പമുള്ളവര്‍ക്ക് മാത്രം പദവികള്‍ നല്‍കിയതോടെ പലരും പാര്‍ട്ടി വിടാന്‍ തുടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it