Sub Lead

'ഇന്ത്യ' സഖ്യത്തിന്റെ സുപ്രധാന യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുഖ്യചര്‍ച്ചയായേക്കും

ഇന്ത്യ സഖ്യത്തിന്റെ സുപ്രധാന യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുഖ്യചര്‍ച്ചയായേക്കും
X

ന്യൂഡല്‍ഹി: പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യുടെ സുപ്രധാന യോഗം ഇന്ന് മുംബൈയില്‍ തുടക്കം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുഖ്യചര്‍ച്ചയായേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നേരിടാന്‍ ആവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്, പാചകവാതക സിലിണ്ടര്‍ വില കുറച്ചത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ഈയിടെയായുള്ള തീരുമാനങ്ങള്‍ ഇന്ത്യ സഖ്യത്തെ നേരിടാനുള്ള നീക്കമാണെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് യോഗം എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം സ്വീകരിക്കേണ്ട നിലപാടുകള്‍, ഏകോപന സമിതി രൂപീകരണം, സീറ്റ് വിഭജനം, സഖ്യത്തിന്റെ ലോഗോ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, പതാക, കോ ഓഡിനേറ്റര്‍ തുടങ്ങിയവയെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ മൂന്നാമത്തെ യോഗമാണ് ഇന്നും നാളെയുമായി മുംബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്നത്. സഖ്യത്തിന്റെ ആദ്യ രണ്ട് യോഗങ്ങള്‍ പട്‌നയിലും ബെംഗളൂരുവിലുമാണ് നടന്നിരുന്നത്. ദ്വിദിന യോഗത്തിനു ശേഷം നാളെ രാവിലെ 10.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ലോഗോ പ്രകാശനം ചെയ്യുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ലോഗോയിലും പതാകയിലും ദേശീയപതാകയോട് സാമ്യം തോന്നിക്കുന്ന നിലയില്‍ കുങ്കുമം, വെള്ള, നീല, പച്ച എന്നിങ്ങനെയുള്ള നിറങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

സഖ്യത്തിന്റെ ഏകോപന സമിതി രൂപീകരണമായിരിക്കും യോഗത്തിലെ മറ്റൊരു സുപ്രധാന തീരുമാനം. 26 പാര്‍ട്ടികള്‍ അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ചേര്‍ന്നുളള ഏകോപന സമിതിക്ക് ഇന്ന് അന്തിമ രൂപം നല്‍കും. സമിതിയില്‍ 11 പേര്‍ ഉണ്ടാവുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, ശിവസേന(യുബിടി), എന്‍സിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സമാജ് വാദി പാര്‍ട്ടി, സിപിഎം എന്നിവയില്‍ നിന്ന് ഓരോ അംഗം വീതമുണ്ടാവുമെന്നാണ് റിപോര്‍ട്ട്.

മറ്റൊരു പ്രധാന തീരുമാനം സഖ്യത്തിന്റെ കോഓഡിനേറ്ററെ സംബന്ധിച്ചായിരിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും എന്‍ഡിഎയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സഖ്യം മുന്നോട്ടുപോവുമ്പോള്‍ ഏറ്റവും വലിയ ചോദ്യം ആരായിരിക്കും അതിനെ നയിക്കുക എന്നുതന്നെയായിരിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഖ്യത്തിന്റെ കണ്‍വീനറാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, നിതീഷ് കുമാര്‍ ഇക്കാര്യം നിരസിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കണ്‍വീനര്‍ കോണ്‍ഗ്രസ് പ്രതിനിധിയാവണമെന്ന നിര്‍ദേശമാണ് ജെഡിയു മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാവും.

സംസ്ഥാനതലത്തിലെ സീറ്റ് വിഭജനം രമ്യതയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രചാരണത്തിന് കനത്ത തിരിച്ചടിയുണ്ടാക്കും. ഇന്ത്യ സഖ്യത്തിന്റെ ആസ്ഥാനം എവിടെയായിരിക്കണമെന്ന കാര്യത്തിലും മുംബൈ കോണ്‍ക്ലേവില്‍ അന്തിമ ധാരണയിലെത്തും. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെ ആസ്ഥാനം വേണമെന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. പ്രതിപക്ഷസഖ്യത്തിന്റെ വക്താവിനെയും യോഗം തീരുമാനിക്കും. ഇതിനുപുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരായിരിക്കണമെന്നതും ചര്‍ച്ചയിലെ പ്രധാനഘടകമാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശിവസേന യുബിടി പ്രസിഡന്റ് ഉദ്ധവ് താക്കറെ, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍, നിതീഷ് കുമാര്‍ എന്നിവരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, രാഹുല്‍ ഗാന്ധി എന്നിവരുടെയും പേരുകള്‍ ഉയര്‍ന്നുവരുമെന്നാണ് സൂചന.


Next Story

RELATED STORIES

Share it