Sub Lead

അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് കര്‍ണാടക

അതേസമയം, ജൂണ്‍ 25 മുതല്‍ എസ്എസ്എല്‍സി(പത്താം ക്ലാസ്) പരീക്ഷകള്‍ ആരംഭിക്കും

അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് കര്‍ണാടക
X

ബെംഗളൂരു: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീളുന്നതിനിടെ ഓണ്‍ലൈന്‍/വെര്‍ച്വല്‍ ക്ലാസുകള്‍ നടത്തുന്നതിനെക്കുറിച്ചുള്ള പരാതികള്‍ക്കിടെ, കിന്റര്‍ഗാര്‍ട്ടന്‍ (കെജി) മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. 'എല്‍കെജി, യുകെജി, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉടന്‍ നിര്‍ത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ ഫീസ് ഈടാക്കാന്നത് അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധരുമായും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയാണ് പുതിയ തീരുമാനം.

ഫിസിക്കല്‍ ക്ലാസുകള്‍ക്ക് പകരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍, ഇക്കാലയളവില്‍ കുട്ടികളുമായി എങ്ങനെ ഇടപഴകാം എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പ്രഫ. എം കെ ശ്രീധറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനും അവരുടെ അറിവ് വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കായി സ്വകാര്യ സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതാണ് നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. ലോക്ക്ഡൗണ്‍ കാരണം നിരവധി പേരുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മാനുഷിക പരിഗണന വച്ച് ഫീസ് ഉയര്‍ത്തരുതെന്ന് വിദ്യാഭ്യാസ സര്‍ക്കാരിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് കുറയ്ക്കാന്‍ സ്‌കൂളുകള്‍ തീരുമാനിക്കുകയാണെങ്കില്‍ വളരെ സ്വാഗതാര്‍ഹമായ നീക്കമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജൂണ്‍ 25 മുതല്‍ എസ്എസ്എല്‍സി(പത്താം ക്ലാസ്) പരീക്ഷകള്‍ ആരംഭിക്കുമെന്നും തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ധരുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ പരീക്ഷകള്‍ നടക്കും. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. എല്ലാ ജില്ലകളിലും പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. സൂക്ഷ്മതലത്തില്‍ ആസൂത്രണം നടക്കുന്നുണ്ട്. ആരോഗ്യ, ഗതാഗത, ആഭ്യന്തര വകുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പുമായി കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it