ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ ശുപാര്‍ശ ചെയ്ത് യുപി നിയമ കമ്മീഷന്‍

സംസ്ഥാനത്ത് ഇതുവരെ നടന്ന ആള്‍ക്കൂട്ടകൊലകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എ എന്‍ മിത്തല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ ശുപാര്‍ശ ചെയ്ത് യുപി നിയമ കമ്മീഷന്‍

ലക്‌നോ: പശുവിന്റെ പേരിലടക്കം രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ശുപാര്‍ശയുമായി യുപി നിയമ കമ്മീഷന്‍. സംസ്ഥാനത്ത് ഇതുവരെ നടന്ന ആള്‍ക്കൂട്ടകൊലകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എ എന്‍ മിത്തല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചു.

128 പേജുള്ള റിപ്പോര്‍ട്ടില്‍ യുപിയിലെ വിവിധയിടങ്ങളില്‍ നടന്ന ആള്‍ക്കൂട്ട കൊലകള്‍ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുകയും ഇതു തടയുന്നതിന് സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള നിയമം എത്രയും വേഗം നടപ്പാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴുള്ള നിയമങ്ങള്‍ക്ക് ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാനുള്ള ശേഷിയില്ലെന്നും പ്രത്യേക നിയമം അനിവാര്യമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഏഴ് മുതല്‍ ജീവപര്യന്തം തടവ് വരെയുള്ള ശിക്ഷകളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലിസും ജില്ലാ മജിസ്‌ട്രേറ്റുമാരും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിശദീകരിക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ സ്വത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കൂടാതെ ഇരകളുടെ സംരക്ഷണവും പുനരധിവാസവും സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കരട് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ കരട് ബില്ല് പഠനവിധേയമാക്കി നിയമമാക്കേണ്ടത് സംസ്ഥാന ആഭ്യന്തര മന്ത്രാലയമാണെന്നും ജസ്റ്റിസ് മിത്തല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രിം കോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top