Sub Lead

ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ജൂലൈ ഒന്ന് മുതല്‍; ടെസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി

ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനും അവര്‍ക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ വരുത്തും.

ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ജൂലൈ ഒന്ന് മുതല്‍; ടെസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജൂലൈ ഒന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്.

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനും അവര്‍ക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ വരുത്തും. ഇപ്രകാരം എടുത്ത ലേണേഴ്സ് ലൈസന്‍സ് ആറ് മാസം തികയുമ്പോള്‍ പുതുക്കേണ്ടി വന്നാല്‍ ഓണ്‍ലൈന്‍ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.

മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കില്‍ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോള്‍ ടെസ്റ്റില്‍ വിജയിക്കും. ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം, ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കും. മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരില്‍ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.


Next Story

RELATED STORIES

Share it