Sub Lead

കോംഗോയില്‍ വിമതമുന്നേറ്റം; ഗോമ നഗരം പിടിച്ചെടുത്തു

കോംഗോയില്‍ വിമതമുന്നേറ്റം; ഗോമ നഗരം പിടിച്ചെടുത്തു
X

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സുപ്രധാനനഗരം വിമതസൈന്യം പിടിച്ചെടുത്തു. ധാതുസമ്പന്നമായ കിഴക്കന്‍ കോംഗോയിലെ ഗോമ നഗരമാണ് വിമതരുടെ കൈയ്യിലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സൈന്യത്തോട് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി വിമതസൈന്യമായ എം23-കോംഗോ റിവര്‍ അലയന്‍സിന്റെ നേതാവ് കോര്‍ണെയില്‍ നംഗ പറഞ്ഞു. കോംഗോയുമായി അതിര്‍ത്തിപങ്കുവക്കുന്ന റുവാണ്ടയുടെ പിന്തുണയോടെയാണ് ഈ വിമതര്‍ പ്രവര്‍ത്തിക്കുന്നത്. വിമതര്‍ക്ക് പിന്തുണയുണ്ടെന്ന റുവാണ്ടയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തെ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ അപലപിച്ചു.

യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ നിന്നും 1960ലാണ് കോംഗോ സ്വാതന്ത്ര്യം നേടിയത്. 1965ല്‍ മൊബുതി സെസെ സെക്കോ രാജ്യത്ത് അധികാരം പിടിച്ചു. 1997ലാണ് ഇയാള്‍ അധികാരത്തില്‍ നിന്നും പുറത്തായത്. 1994ല്‍ അയല്‍രാജ്യമായ റുവാണ്ടയില്‍ വലിയ വംശീയ കലാപം നടന്നിരുന്നു. നൂറു ദിവസത്തിനുള്ളില്‍ ഹുട്ടു വിഭാഗം ഏകദേശം എട്ടു ലക്ഷത്തോളം തുത്‌സി വിഭാഗക്കാരെ കൂട്ടക്കൊല ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും കോംഗോയിലുമുണ്ട്. അതിനാല്‍, റുവാണ്ടയിലെ വംശഹത്യ കോംഗോയിലും പ്രതിധ്വനിച്ചു. 1996-1997 കാലത്തും 1998-2003 കാലത്ത് കോംഗോയില്‍ യുദ്ധം നടന്നു.

കിഴക്കന്‍ കോംഗോയില്‍ തുത്‌സികള്‍ നടത്തിയ കലാപം അവസാനിപ്പിച്ച കരാര്‍ പ്രാബല്യത്തില്‍ വന്ന 2009 മാര്‍ച്ച് 23 തീയ്യതിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിമതസൈന്യത്തിന് എം23 എന്ന പേര് വന്നിരിക്കുന്നത്. 2022ലാണ് ഇവര്‍ സായുധസമരം തുടങ്ങിയത്. ഭരണത്തില്‍ തുത്‌സികള്‍ക്ക് പ്രാതിനിധ്യമില്ലെന്നും സൈന്യത്തില്‍ പങ്കാളിത്തമില്ലെന്നും അവര്‍ വാദിക്കുന്നു.

Next Story

RELATED STORIES

Share it