Sub Lead

ഭീതിവിതച്ച് ശങ്കരന്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ഇന്നലെ വൈകീട്ട് മുതല്‍ വനത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാരക്കോടന്‍പുഴയിലുടെ വെള്ളം ഇരച്ചുകയറുകയായിരുന്നു.

ഭീതിവിതച്ച് ശങ്കരന്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
X

വഴിക്കടവ്: മലപ്പുറം വഴിക്കടവിലെ ശങ്കരന്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. 50 വീടുകളില്‍ വെള്ളം കയറി. ഇന്നലെ വൈകീട്ട് മുതല്‍ വനത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാരക്കോടന്‍പുഴയിലുടെ വെള്ളം ഇരച്ചുകയറുകയായിരുന്നു. വെള്ളക്കട്ട പുന്നക്കല്‍ റോഡ്, മരുതക്കടവ് മാമാങ്കര റോഡ് എന്നിവടങ്ങളിലേക്കും വെള്ളം കയറി. മലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കാരക്കോടന്‍ പുഴ വഴി കുത്തിയൊലിച്ചെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. നൂറോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ ശങ്കരന്‍ മലയില്‍ അഞ്ചോളം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. പ്രളയു ശേഷം മേഖലയിലെ കൈത്തോടുകളും പുഴകളും നികന്നതിനാല്‍ പുഴയില്‍ നിന്നുള്ള വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കുറഞ്ഞതോടെ ഉച്ചയോടെ വെള്ളമിറങ്ങുകയും കുടുംബങ്ങള്‍ തിരിച്ചെത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട്.നിലമ്പൂര്‍ തഹസില്‍ദാര്‍ ചന്ദ്രബോസ്, എടക്കര സിഐ മനോജ് പറയട്ട, ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആളുകളെ വീടുകളില്‍ നിന്നു മാറ്റിയത്.

വെള്ളത്തോടൊപ്പം ചെളിയും ഇരച്ചെത്തിയതിനാല്‍ വെള്ളം കയറിയ വീടുകള്‍ ഉപയോഗ ശൂന്യമാണ്. വനമേഖലയിലും ചുരം മേഖലയിലുമാണ് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയുണ്ടായത്. ചുരത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ അവശിഷ്ടങ്ങള്‍ പോലും പുഴ വഴി ജനവാസ കേന്ദ്രങ്ങളിലെത്തിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു അറിയിച്ചു. പല ഭാഗങ്ങളിലും ഭൂമിയില്‍ വിള്ളലും ഗര്‍ത്തങ്ങളും കാണുന്നത് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തുന്നതായും ഇ എ സുകു പറഞ്ഞു.

Next Story

RELATED STORIES

Share it