കോര്‍പറേറ്റ് ഗ്രൂപ്പിനു 75 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന്; ലക്ഷദ്വീപ് ടൂറിസം പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡല്‍ഹി: തദ്ദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ ലക്ഷദ്വീപില്‍ ടൂറിസം പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കോര്‍പറേറ്റ് ഗ്രൂപ്പിന് 75 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനു നല്‍കിയുള്ള ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ധനസെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ ലക്ഷദ്വീപിലെ മൂന്നു ദ്വീപുകളിലായി 806 കോടിയുടെ കടല്‍ത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ കുടിയൊഴിപ്പിച്ചേക്കുമെന്ന പ്രദേശവാസികളുടെ ആശങ്കകള്‍ ശരിവയ്ക്കുന്നതാണ് പുതിയ റിപോര്‍ട്ടുകള്‍. നിതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലായിരിക്കും പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്നാണ് അറിയിച്ചിട്ടുള്ളത്.

മാലദ്വീപ് മാതൃകയില്‍ ബീച്ച് ടൂറിസം, ജലവിനോദങ്ങള്‍ എന്നിവയ്ക്കു പ്രാമുഖ്യം നല്‍കി റിസോര്‍ട്ടുകള്‍ നിര്‍മിക്കാനാണു പദ്ധതി. കടമത്ത്, മിനിക്കോയ്, സുഹേലി എന്നീ ദ്വീപുകളിലെ റിസോര്‍ട്ടുകളിലായി ആകെ 370 വില്ലകളാണു നിര്‍മിക്കുക. വിനോദസഞ്ചാരികളെ നേരിട്ടു റിസോര്‍ട്ടുകളിലെത്തിക്കാന്‍ സ്വകാര്യ ഹെലിപാഡുകളും നിര്‍മിക്കും. വാട്ടര്‍ വില്ലകള്‍ക്ക് 3 ദ്വീപുകളിലും 6 ഹെക്ടര്‍ വീതം സ്ഥലം കണ്ടെത്തിയതായും പറയുന്നുണ്ട്. ബീച്ച് വില്ലകള്‍ നിര്‍മിക്കാന്‍ കടമത്തില്‍ 5.55 ഹെക്ടര്‍, സുഹേലിയില്‍ 3.82 ഹെക്ടര്‍, മിനിക്കോയിയില്‍ രണ്ടിടത്തായി മൊത്തം 8.53 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലം വീതം കണ്ടെത്തിയതായാണു റിപോര്‍ട്ടില്‍ പറയുന്നത്. കടമത്തില്‍ നിലവിലുള്ള ഐലന്‍ഡ് ബീച്ച് റിസോര്‍ട്ടിനു സമീപത്തായാണു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. പാട്ടം നല്‍കുന്ന ഭൂമിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി ആരംഭിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ 2019 ഒക്ടോബറില്‍ യോഗ്യതാപത്രം ക്ഷണിച്ചെങ്കിലും കൂടുതല്‍ പേര്‍ എത്തിയിരുന്നില്ല. സുഹേലി (4), കടമത്ത് (3), മിനിക്കോയി (2) എന്നിങ്ങനെയായിരുന്നു യോഗ്യതാപത്രം സമര്‍പ്പിച്ച കോര്‍പറേറ്റ് കമ്പനികള്‍. കടമത്ത്, സുഹേലി ദ്വീപുകളിലെ പദ്ധതികള്‍ക്കായി 2 വീതം കമ്പനികള്‍ക്കു യോഗ്യതയുണ്ടെന്നു കണ്ടെത്തിയെങ്കിലും മിനിക്കോയിയിലേക്കു യോഗ്യതയുള്ള ആരെയും ലഭിക്കാത്തതിനെ തുടര്‍ന്ന് ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കേന്ദ്രസമിതി ചില ഇളവുകള്‍ നല്‍കുകയായിരുന്നു. കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് പ്രദേശത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മേഖലകളെ ഇല്ലാതാക്കുകയാണ് ടൂറിസം വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി മദ്യനിരോധന മേഖലയായിട്ടും ഇവിടെ മദ്യം വിളമ്പാനും മറ്റും അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നിയമത്തിനു ശേഷം വിവിധ ജനവിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനെതിരേ വന്‍തോതില്‍ പ്രതിഷേധമുയരുകയും കേരള നിയമസഭ ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
Land lease to corporate group for 75 years; Center moves ahead with Lakshadweep tourism project
RELATED STORIES
ജൂണ് രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര് പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില് വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്മണ്ണയില് പ്രവാസിയെ കൊലപ്പെടുത്തിയ കേസില് മൂന്ന് പേര്‍ കൂടി ...
27 May 2022 1:50 AM GMTവിദേശികള്ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില് നിയന്ത്രണം;...
27 May 2022 1:33 AM GMT