Sub Lead

ബിഹാറില്‍ ആര്‍ജെഡിക്ക് തിരിച്ചടി; അഞ്ച് എംഎല്‍സിമാര്‍ ജെഡിയുവില്‍ ചേര്‍ന്നു

രാധാചരണ്‍ സിങ്, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, മുഹമ്മദ് കുമാര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് ജെഡിയുവില്‍ ചേര്‍ന്നത്.

ബിഹാറില്‍ ആര്‍ജെഡിക്ക് തിരിച്ചടി; അഞ്ച് എംഎല്‍സിമാര്‍ ജെഡിയുവില്‍ ചേര്‍ന്നു
X

പട്‌ന: ബിഹാറില്‍ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) തിരിച്ചടിയായി പാര്‍ട്ടിയില്‍ കൂട്ടരാജി. അഞ്ച് സിറ്റിങ് എംഎല്‍സിമാര്‍(നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നു. രാധാചരണ്‍ സിങ്, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, മുഹമ്മദ് കുമാര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് ജെഡിയുവില്‍ ചേര്‍ന്നത്.

എട്ട് എംഎല്‍സിമാരാണ് ആര്‍ജെഡിക്ക് നിലവില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ കൂറുമാറിയതോടെ ആര്‍ജെഡി അംഗബലം മൂന്നായി ചുരുങ്ങി. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിങ് സ്ഥാനം രാജിവെക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നില്‍ രണ്ട് ഭാഗവും ജെഡിയുവില്‍ ചേര്‍ന്നതിനാല്‍ ഇവര്‍ക്ക് അയോഗ്യത നിയമം ബാധകമാകില്ല. 75 അംഗ ബിഹാര്‍ നിയമസഭാ കൗണ്‍സിലില്‍ 29 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആര്‍ജെഡിയില്‍ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ജൂലായ് ആറിന് ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കടക്കം നിരവധി പ്രതിസന്ധികളില്‍ വലയുകയാണ് ആര്‍ജെഡി. സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ലാലുപ്രസാദിന്റെ മക്കളും പാര്‍ട്ടി നേതാക്കളുമായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇതുവരെ പരിഹാരമായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരേ ഒരു വിഭാഗം ഇതിനോടകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it