Sub Lead

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം

ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം.

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം
X

കവരത്തി: പുതുതായി ചുമതലയേറ്റ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഭരണപരിഷ്‌കരണ നടപടികള്‍ക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുമായി ഭരണകൂടം. ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം. ദ്വീപിന്റെ സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിക്കുക എന്ന മറപിടിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.


ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ് ഉത്തരവ്. ഇന്നലെ വൈകീട്ടാണ് ദ്വീപില്‍ പുതിയ ഉത്തരവിറക്കിയത്. പ്രാദേശിക മല്‍സ്യബന്ധന യാനങ്ങളെയും തൊഴിലാളികളേയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.


മത്സ്യബന്ധന കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലങ്ങളില്‍ ഹെലിപാഡിലും സിസിടിവി വഴിയുമുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ബോട്ടുകള്‍ തീരത്തെത്തുന്നതിന് മുന്‍പ് തന്നെ ഈ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും വിവാദമായ പുതിയ ഉത്തരവിലുണ്ട്.

സാധന സാമഗ്രികളും യാത്രക്കാരേയും പരിശോധിക്കുന്നതിന് കൊച്ചിയിലേതു പോലെ ബേപ്പൂരിലും മംഗളൂരു പോര്‍ട്ടുകളിലും സൗകര്യമൊരുക്കണമെന്നും ഉത്തരവിലുണ്ട്. ഇന്നലെ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പോര്‍ട്ട് അസിസ്റ്റന്റുമാര്‍ക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൊച്ചിയിലും സുരക്ഷാസേനകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it