Sub Lead

കുവൈത്തില്‍ സ്വദേശി കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കുവൈത്തില്‍ സ്വദേശി കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ അര്‍ദ്ദിയയില്‍ സ്വദേശി കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരനെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയെ സുലൈബിയ പ്രദേശത്ത് വെച്ചാണു അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഈ വീട്ടില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ വേലക്കാരിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കുറ്റ കൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച വിരലടയാളമാണു യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ സഹായകമായത്. സംഭവ ദിവസം കൊലപാതകം നടത്തുന്നതിനുള്ള പദ്ധതിയുമായിട്ടായിരുന്നു ഇയാള്‍ എത്തിയത്. കൃത്യം നടത്തിയ ശേഷം ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. മോഷണത്തിനു വേണ്ടിയാണു കൃത്യം നടത്തിയത് എന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമ്മതിച്ചു.300 ദിനാറും സ്വര്‍ണ്ണവും വീട്ടില്‍ നിന്ന് മോഷിടിച്ചതായും സ്വര്‍ണ്ണം ഒരു ജ്വല്ലറിയില്‍ വിറ്റതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.സംഭവം കുവൈത്തി സമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്വിറ്റര്‍ വഴി നടത്തിയ ക്യാമ്പയിനു ഏറെ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ദിയ പ്രദേശത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വദേശി പൗരനായ അഹമ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരാണ് കൊലപാതകത്തിന് ഇരയായത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യാ സഹോദരനാണു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. 3 മൃത ദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ മരണം ചുരുങ്ങിയത് നാലു ദിവസം മുംബെങ്കിലും സംഭവിച്ചതായാണു നിഗമനം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് അറുത്താണു കൃത്യം നടത്തിയത് എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it