Sub Lead

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷമാണ്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമെന്നാണ് പരാതി ഉയര്‍ന്നത്.

പോലിസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് അവയവമെത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് വൃക്ക മാറ്റിവച്ച രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്തു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.

അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍തന്നെ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പോലിസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്.

എന്നാല്‍, കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്. വൃക്ക എത്തിച്ചത് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയത് ഒമ്പതരയോടെയാണ്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ഒരാളുടെ അവയവം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാല്‍, മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.

Next Story

RELATED STORIES

Share it