Sub Lead

ഹിന്ദുത്വര്‍ അടിവയറ്റില്‍ ആഞ്ഞിടിച്ചിട്ടും ദൈവം കൈവിട്ടില്ല; ഷബാന പര്‍വീന് ആണ്‍കുഞ്ഞ്

ഹിന്ദുത്വര്‍ അടിവയറ്റില്‍ ആഞ്ഞിടിച്ചിട്ടും ദൈവം കൈവിട്ടില്ല; ഷബാന പര്‍വീന് ആണ്‍കുഞ്ഞ്
X

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കരാവല്‍ നഗറില്‍ ഹിന്ദുത്വരുടെ കൂട്ടം ചേര്‍ന്ന് ആക്രമണങ്ങളെ അതിജീവിച്ച ഷബാന പര്‍വീന്‍ ആരോഗ്യവാനായ ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി. 30കാരിയായ ഷബാന പര്‍വീനെയും ഭര്‍ത്താവിനെയും മര്‍ദ്ദിക്കുകയും വീടിന് തീയിടുകയും ചെയ്തപ്പോള്‍ ഇവര്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ഷബാന പര്‍വീനും കുടുംബം ഇപ്പോള്‍ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ്. ഷബാന പര്‍വീനും ഭര്‍ത്താവും രണ്ട് കുട്ടികളും അമ്മായിയമ്മയും തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ ഉറങ്ങുമ്പോളാണ് ഹിന്ദുത്വര്‍ കൊലവിളിയുമായെത്തിയത്.

'അവര്‍ മതപരമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. എന്റെ മകനെ തല്ലി. ചിലര്‍ മരുമകളുടെ അടിവയറ്റില്‍ ഇടിച്ചു. ഞാന്‍ അവളെ സംരക്ഷിക്കാന്‍ പോയപ്പോള്‍ എന്നെയും മര്‍ദ്ദിച്ചു. ആ രാത്രിയെ അതിജീവിക്കില്ലെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ദൈവകൃപയാല്‍ ഞങ്ങള്‍ എങ്ങനെയൊക്കെയോ കലാപകാരികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഞങ്ങള്‍ പര്‍വീനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ അല്‍ഹിന്ദ് ആശുപത്രിയിലേക്ക് പോവാന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു'. കലാപനാളിനെ അനുഭവത്തെ കുറിച്ച് ഷബാന പര്‍വീന്റെ അമ്മായിയമ്മ നാഷിമ പിടിഐയോട് പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ താമസിക്കുന്ന വീടുകളും എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിട്ടും ആക്രമണത്തിന്റെ ഞെട്ടലിനെ മറികടന്ന് കുഞ്ഞിന്റെ ജനനത്തില്‍ സന്തോഷിക്കുകയാണ്. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം എവിടേയ്ക്കു പോവുമെന്നാണ് ഇവരുടെ ആശങ്ക.

'ഞങ്ങള്‍ക്കെല്ലാം നഷ്ടമായി. ഒന്നും ബാക്കിയില്ല. ഒരുപക്ഷേ, ഏതെങ്കിലും ബന്ധുവിന്റെ സ്ഥലത്ത് ചെന്ന് ജീവിതം എങ്ങനെ പുനര്‍നിര്‍മിക്കാമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ഒരുവിദസം മാത്രം പ്രായമുള്ള സഹോദരനെ നെറ്റിയില്‍ കൈവച്ച് കൊണ്ട് 6 വയസുള്ള അലി പറഞ്ഞു: 'ഞാന്‍ അവനെ എപ്പോഴും പരിപാലിക്കും. എല്ലാ രോഗങ്ങളില്‍ നിന്നും അവനെ രക്ഷിക്കുകയും ചെയ്യും'.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് സഹായത്തോടെ സംഘപരിവാരം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 38 പേര്‍ കൊല്ലപ്പെടുകയും 200ലേറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍, പെട്രോള്‍ പമ്പ് എന്നിവയ്ക്കും നാട്ടുകാര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേയാണ് വ്യാപക ആക്രമണം നടത്തിയത്. ജാഫറാബാദ്, മൗജ്പൂര്‍, ബാബര്‍പൂര്‍, യമുന വിഹാര്‍, ഭജന്‍പുര, ചാന്ദ് ബാഗ്, ശിവ വിഹാര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരുന്നത്.




Next Story

RELATED STORIES

Share it