Sub Lead

സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണില്‍; അവശ്യ സര്‍വീസുകള്‍ക്കു മാത്രം അനുമതി

സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണില്‍; അവശ്യ സര്‍വീസുകള്‍ക്കു മാത്രം അനുമതി
X

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു രാവിലെ ആറുമുതല്‍ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. കഴിഞ്ഞ ഒരാഴ്ച്ചയായി വന്‍ തോതില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്ചയായി മിനി ലോക്ക് ഡൗണിനു സമാനമായ രീതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണെന്ന വിദഗ്ധ സമിതി നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നുമുതല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ആശുപത്രി, കൊവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്കും അനുമതിയുണ്ടാവും.

അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരിക്കും. സായുധസേനാ വിഭാഗം, ട്രഷറി, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്തനിവാരണം, വൈദ്യുതി ഉല്‍പ്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫിസുകള്‍, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എംപിസിഎസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലിസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കലക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങളുടെ വിവരം മുന്‍കൂട്ടി പോലിസ് സറ്റേഷനില്‍ അറിയിക്കുകയും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകളും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാലുല്‍പ്പന്നങ്ങള്‍, മല്‍സ്യം-ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാട് സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപാടുകള്‍ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കായി വന്‍ പോലിസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്.

Kerala is once again in a complete lockdown


Next Story

RELATED STORIES

Share it