ജനവിധി അറിയാന്‍ മണിക്കൂറുകള്‍; കാതോര്‍ത്ത് കേരളം
ആദ്യമെണ്ണുന്നത് നാലര ലക്ഷത്തിലേറെ തപാല്‍ വോട്ടുകള്‍
രാവിലെ എട്ടിന് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. കൊവിഡ് കാരണം പ്രായമേറിയവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്. ഇവയെണ്ണാന്‍ അഞ്ചുമുതല്‍ എട്ടുവരെ മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. 8.30ഓടെ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ് ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നു. ഇത്തവണ ബദല്‍ സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്.
തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്. അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യുആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ വോട്ടിങ് യന്ത്രത്തിലെ അവസാനറൗണ്ട് എണ്ണുകയുള്ളു. 5,84,238 തപാല്‍ ബാലറ്റുകളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റുകള്‍ തിരികെ ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
നടപടി ക്രമങ്ങള്‍ രാവിലെ ആറിനു തുടങ്ങി
വോട്ടെണ്ണല്‍ എട്ടിനാണ് തുടങ്ങുന്നതെങ്കിലും നടപടിക്രമങ്ങള്‍ രാവിലെ ആറിനു തന്നെ തുടങ്ങി. സായുധസേനയുടെ സുരക്ഷയില്‍ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് പുറത്തെടുത്തു. വരണാധികാരിയാണ് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂം തുറക്കുന്നത്. ചാര്‍ജ് ഓഫിസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ ഹാളില്‍ ഓരോ മേശയ്ക്കും സൂപര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാവും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റു ഹാളുകളില്‍ എആര്‍ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരു കൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് സൗകര്യമൊരുക്കും.
കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍ പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്‌പ്ലേ നോക്കി വോട്ട് വിവരം രേഖപ്പെടുത്തും. അസിസ്റ്റന്റും നിരീക്ഷകനും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തും. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അത് അംഗീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും.
ജനവിധി കാത്ത് 957 സ്ഥാനാര്‍ഥികള്‍
സംസ്ഥാനത്ത് ആകെയുള്ള 140 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി വി പ്രകാശ് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാക്കിയുള്ള മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അപരരുമെല്ലാം ഫലം കാത്തിരിക്കുകയാണ്. ആകെ രണ്ടു കോടിയിലേറെ വോട്ടര്‍മാരുടെ മനമറിയാന്‍ 40,771 ബൂത്തുകളാണ് ഒരുക്കിയിരുന്നത്. റിസര്‍വ് ഉള്‍പ്പടെ 50496 വീതം ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
വോട്ടെണ്ണല്‍ 144 കേന്ദ്രങ്ങളില്‍
സംസ്ഥാനവ്യാപകമായി ആകെ 144 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. 633 കൗണ്ടിങ് ഹാളുകളാണ് വോട്ടെണ്ണാന്‍ സജ്ജീകരികരിച്ചിട്ടുള്ളത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരോ മേശയിലും കൗണ്ടിങ് സൂപര്‍വൈസറും അസിസ്റ്റന്റ് കൗണ്ടിങ് ഏജന്റുമാരും ഉണ്ടാവും. ആവശ്യമെങ്കില്‍ തപാല്‍ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നതെങ്കില്‍ ഇത്തവണ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ജാഗ്രത വേണം; മഹാമാരിയോട്
കൊവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കുക മാത്രമല്ല, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കടുത്ത ജാഗ്രതയാണു പാലിക്കുന്നത്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായിരിക്കും. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫിസറുടെ സഹായവുമുണ്ടാകും. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിന്റെ ഫലമോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ജനങ്ങള്‍ കൂട്ടം കൂടരുതെന്നും നിര്‍ദേശമുണ്ട്.
Kerala assembly election-2021: Hours left for result
RELATED STORIES
ഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMT