Sub Lead

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു; ലീഡ് താഴേയ്ക്ക്

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു; ലീഡ് താഴേയ്ക്ക്
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. അനായാസ വിജയം പ്രതീക്ഷിച്ച് മല്‍സരരംഗത്തിറങ്ങിയ ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വോട്ടെണ്ണല്‍ ഫലങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. തുടക്കത്തില്‍ മികച്ച ലീഡ് നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്ക് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ 2850 വോട്ടുകളുടെ മുന്‍തൂക്കം മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍നിന്ന് കൃത്യമായ വോട്ടുകള്‍ ലഭിക്കുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരേ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിക്ക് മുകളില്‍ക്കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും ശ്രദ്ധേയമായി.

ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്ന് വിട്ടുതരില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രകടനങ്ങള്‍. എന്നാല്‍, യാക്കോബായ മേഖലകളില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി നേരിടുന്ന കാഴ്ചയാണ് നിലവിലുള്ളത്. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 1306 വോട്ടിന്റെ ലീഡാണുള്ളത്. പാമ്പാടി പഞ്ചായത്തിലും എല്‍ഡിഎഫിന് ലീഡ് നേടാനായി. ആത്മബന്ധങ്ങളും അനുഭവസമ്പത്തും കൈമുതലാക്കിയാണ് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്ത്രണ്ടാം അങ്കത്തിനിറങ്ങിയത്.

അരനൂറ്റാണ്ട് തുടര്‍ച്ചയായി ഒരുമണ്ഡലത്തില്‍ എംഎല്‍എ ആവാന്‍ ഉമ്മന്‍ചാണ്ടിക്ക് അവസരമൊരുക്കിയത് പുതുപ്പള്ളിയാണ്. 11 തവണയും അങ്കം ജയിച്ച ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ മണ്ഡലത്തില്‍ വെല്ലുവിളികളേറെയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണ് ഇതിലൊന്ന്. മറ്റൊന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫിനെ കൈവിട്ടത്. മുമ്പ് എല്ലാ പഞ്ചായത്തുകളും യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കില്‍ നിലവില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് ഭരണം, മറ്റിടങ്ങളില്‍ എല്‍ഡിഎഫ് ചരിത്രത്തില്‍ ആദ്യമായാണു മണര്‍കാട് പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഇടതുപക്ഷത്തിനാണ് ഭരണം.

50 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്ക് ഇക്കുറി പുതുപ്പള്ളിയില്‍ ഭൂരിപക്ഷം അമ്പതിനായിരമാക്കണമെന്നായിരുന്നു ആഗ്രഹം. 2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജായിരുന്നു. 2016ല്‍ ഭൂരിപക്ഷം കുറയുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസുമായുള്ള പോരാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയിരുന്നു.

Next Story

RELATED STORIES

Share it