Sub Lead

സുധാകരനെതിരായ പരാമര്‍ശം നിന്ദ്യം; സിപിഎം ജീര്‍ണതയുടെ പര്യായമായി മാറിയെന്ന് കെ സി വേണുഗോപാല്‍

സുധാകരനെതിരായ പരാമര്‍ശം നിന്ദ്യം; സിപിഎം ജീര്‍ണതയുടെ പര്യായമായി മാറിയെന്ന് കെ സി വേണുഗോപാല്‍
X

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും സിപിഎം ജീര്‍ണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. അതിജീവിതയെ തെറ്റായി വ്യാഖ്യാനിച്ച് എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയിലെ നിയമവശം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം പോലിസിനുണ്ട്. രഹസ്യമൊഴി പുറത്തുപറയാന്‍ പാടുള്ളതല്ല. ഇത്തരമൊരു ആരോപണം ഉന്നയിക്കാനുള്ള വിവരം ലഭിച്ച ഉറവിടം ഗോവിന്ദന്‍ മാഷ് വ്യക്തമാക്കണം. നുണ മാത്രം പറയുന്ന പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത വായിച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കെപിസിസി അധ്യക്ഷനെ അധിക്ഷേപിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കരുതരുത്. എം വി ഗോവിന്ദന്റെ ആരോപണത്തെ ക്രൈംബ്രാഞ്ച് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഗോവിന്ദന്‍ മാഷ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യങ്ങളാണ്. കള്ളക്കേസുകളുടെ സ്ഥിതിയെന്താണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച എം വി ഗോവിന്ദനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ നിര്‍ഭയമായി വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. സത്യസന്ധമായി വാര്‍ത്ത നല്‍കിയാലോ, വാര്‍ത്ത വായിച്ചാലോ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുറന്നു കാട്ടിയാലോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് ജയിലിടുന്ന അവസ്ഥയാണ്. മാധ്യമപ്രവര്‍ത്തകരായ വിനു വി ജോണും അബ്‌ജോദും അഖില നന്ദകുമാറും ജയചന്ദ്രന്‍ ഇലങ്കത്തും അതിന്റെ ഇരകളാണ്. കെഎംഎംഎല്ലിലെ സിപിഎമ്മിന്റെ പിന്‍വാതില്‍ നിയമനം തുറന്നു കാട്ടിയതിനാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെതിരേ കേസെടുത്തത്. വ്യാജരേഖ ചമച്ച് കേസില്‍ നിയമത്തിന്റെ കണ്ണുവട്ടിച്ച് കറങ്ങി നടക്കുന്നവരെ പിടികൂടാതെ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താ സോഴ്‌സ് അന്വേഷിക്കുന്നതിലാണ് പോലിസ് ശുഷ്‌കാന്തി കാണിക്കുന്നത്. എതിര്‍ ശബ്ദങ്ങളുടെ വായമൂടി കെട്ടാന്‍ ഇഡി, സിബിഐ, ഇന്‍കം ടാക്‌സ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ പാവകളായി ഉപയോഗിക്കുന്ന നരേന്ദ്രമോദിയുടെ ഉന്മൂലന രാഷ്ട്രീയത്തെക്കാള്‍ ഒരു പടി പിണറായി വിജയന്‍ മുന്നിലെത്തി.

എസ്എഫ്‌ഐയില്‍ ചേര്‍ന്നാല്‍ പരീക്ഷ എഴുതാതെ പാസാവാമെന്ന പരസ്യവാചകം പോലെയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം. എക്കാലവും ഇതെല്ലാം നടക്കുമെന്ന് സിപിഎം കരുതരുത്. നിങ്ങളുടെ അണികള്‍ക്ക് പോലും ഇതൊന്നും ദഹിക്കുന്നില്ല. അവര്‍ നിങ്ങളെ ചോദ്യം ചെയ്യും. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുന്ന സിപിഎം ദേശീയ നേതൃത്വത്തിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. മണിപ്പൂരിലെ അക്രമം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it