Sub Lead

മുസ് ലിം യുവാവിനെ വിവാഹം ചെയ്ത സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സിഖുകാരനെ വിവാഹം കഴിപ്പിച്ചു

മുസ് ലിം യുവാവിനെ വിവാഹം ചെയ്ത സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സിഖുകാരനെ വിവാഹം കഴിപ്പിച്ചു
X

ജമ്മു: മുസ് ലിം യുവാവിനെ വിവാഹം ചെയ്ത് ഇസ് ലാം സ്വീകരിച്ച സിഖ് പെണ്‍കുട്ടിയെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയി സിഖുകാരനെ വിവാഹം കഴിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. ഷാഹിദ് ഭട്ടും(28) മന്‍മീത് കൗറും(19) പ്രണയിക്കുകയും യുവതി ഇസ് ലാം മതം സ്വീകരിച്ച് സോയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇരുവരും ഇസ് ലാമിക ആചാരപ്രകാരം വിവാഹിതരായി. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ എതിര്‍ത്തു. നിയമനടപടികളെ തുടര്‍ന്ന് ഭാര്യയെയും ഭര്‍ത്താവിനെയും പ്രാദേശിക കോടതിയില്‍ ഹാജരാക്കി. കോടതി മുറിക്കുള്ളില്‍ നടപടി പുരോഗമിക്കുന്നതിനിടെ, ബുഡ്ഗാം ജില്ലാ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റുമായ സന്ത്പാല്‍ സിങ്, ശ്രീനഗര്‍ ജില്ലാ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ജസ്പാല്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സിഖുകാര്‍ കോടതി സമുച്ഛയത്തിന് പുറത്ത് സംഘടിച്ചു. പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെയാണ് മതംമാറ്റിയ ശേഷമാണ് വിവാഹം കഴിച്ചതെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതും വിവാഹം കഴിച്ചതുമെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയതായി കേസ് കൈകാര്യം ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

എന്നാല്‍, പെണ്‍കുട്ടിക്ക് മാനിസക സ്ഥിരതയില്ലെന്ന് പറഞ്ഞ് സിഖ് പ്രക്ഷോഭകര്‍ ഇതിനെ തള്ളി. സോയയെ കോടതി ഭര്‍ത്താവിനൊപ്പം പോവാന്‍ അനുവദിക്കുകയും ചെയ്‌തെങ്കിലും സിഖുകാര്‍ അവളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ചൊവ്വാഴ്ച, തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഗുരുദ്വാരയില്‍ നടന്ന ചടങ്ങില്‍ സോയയെ ഒരു സിഖുകാരനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.

സംഭവം 'ലൗ ജിഹാദ്' ആണെന്നായിരുന്നു ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി(ഡിഎസ് ജിഎം സി) തലവന്‍ മഞ്ജിന്ദര്‍ സിങ് സിര്‍സ ആരോപിച്ചു. പ്രണയ വിവാഹത്തെ കുറിച്ച് ഹിന്ദുത്വ വാര്‍ത്താ പോര്‍ട്ടലായ ഓപ് ഇന്ത്യ മുസ് ലിം വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലാണ് വാര്‍ത്ത നല്‍കിയത്. തോക്ക് ചൂണ്ടി സോയയെ തട്ടിക്കൊണ്ടുപോയി 60 വയസുള്ള മുസ് ലിമിനെ വിവാഹം കഴിപ്പിച്ചെന്നായിരുന്നു സിര്‍സയുടെ അവകാശവാദം. എന്നാല്‍, കേസ് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ സിര്‍സയുടെ ആരോപണം തള്ളിക്കളഞ്ഞു. ഷാഹിദിന് 28 വയസ്സാണെന്നും ബാരാമുള്ള ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച വിവാഹ കരാറില്‍, സോയയും ഭട്ടും തങ്ങള്‍ നിശ്ചയദാര്‍ഢ്യ ത്തോടെയാണ് വിവാഹം കഴിച്ചതെന്നും മാതാപിതാക്കളുടെ എതിര്‍പ്പിനെ ഭയപ്പെടുന്നില്ലെന്നും അറിയിച്ചതായും വ്യക്തമാക്കിയിരുന്നു.

നേരത്തേ, ജമ്മു കശ്മീരില്‍ നാല് സിഖ് പെണ്‍കുട്ടികളെ ബലമായി മതംമാറ്റി വിവാഹം കഴിച്ചെന്നും മഞ്ജിന്ദര്‍ സിങ് സിര്‍സ ആരോപിച്ചിരുന്നെങ്കിലും ഒരു സിഖ് യുവതി തന്നെ സത്യം വെളിപ്പെടുത്തുകയും സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. കശ്മീരില്‍ നിലനില്‍ക്കുന്ന മുസ് ലിം-സിഖ് ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നതായാണ് റിപോര്‍ട്ടുകള്‍.

Kashmir: Sikh Girl, Separated from Muslim Husband by Force, Married to A Sikh

Next Story

RELATED STORIES

Share it