കാസര്‍കോട്ടുകാര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി ജില്ലാകലക്ടര്‍ (വീഡിയോ)

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്

കാസര്‍കോട്ടുകാര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി ജില്ലാകലക്ടര്‍ (വീഡിയോ)


കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ മാലിന്യപ്രശ്‌നത്തിനു പോലും വര്‍ഗീയ നിറം നല്‍കി ജില്ലാകലക്ടര്‍. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്. ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്ത്വത്തില്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു ശ്രോതാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടി പറയുകയായിരുന്നു കലക്ടര്‍.

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്‌നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട് , അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്‌നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ.

കാസര്‍ഗോഡ് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നായിരുന്നു കലകട്‌റുടെ വിവാദ പ്രസ്താവന.

സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നായ മാലിന്യപ്രശ്‌നം പരാമര്‍ശിക്കുന്നിടത്തു പോലും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കലക്ടര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം കനക്കുകയാണ്.

കാസര്‍കോട്ടിലെ ജനങ്ങലെ അപമാനിക്കുന്ന കലക്ടര്‍ തന്റെ നാടായ തിരുവനന്തപുരത്തെ വാനോളം പുകഴ്ത്താനും മറക്കുന്നില്ല. ജാതിയും മതവും ആരും പരസ്പരം ചോദിക്കാത്ത, ലഹരി മാഫിയ ഇല്ലാത്ത, മാലിന്യ പ്രശ്‌നമില്ലാത്ത, ബന്ദിന് റോഡില്‍ കല്ല് വെക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും വരെ ആളെ കിട്ടാത്ത നാടായാണ് തിരുവനന്തപുരത്തെ കലക്ടര്‍ പരിപാടിയില്‍ വിശേഷിപ്പിക്കുന്നത്.

കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ കലാ ബോധാമില്ലാത്തവരും ജന പ്രതിനിധികള്‍ കഴിവില്ലാത്തവരും കോളജ് അധ്യാപകര്‍ ഉത്തരവാദിത്വമില്ലാത്തവരും ആണെന്നും പറഞ്ഞുവെക്കുന്നുണ്ട് കലക്ടര്‍. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങളെയും ലഹരിമാഫിയയെയും കുറിച്ചു വാചാലനാവുന്ന കലക്ടര്‍ പക്ഷേ കറന്തക്കാടു തൊട്ട് മധൂര്‍ വരെ ഉള്ള സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ജില്ലയില്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ചു മനപ്പൂര്‍വം മൗനം പാലിക്കുകയും ചെയ്യുന്നുണ്ട്്.

വില കൂടിയ പട്ടികളെ വളര്‍ത്തുന്ന വീടുകളും കാസര്‍ഗോഡ് നഗര പ്രാന്ത പ്രദേശങ്ങളിലെ പന്നി ഫാമുകളും കാണിച്ച് തരാമെന്ന് ചടങ്ങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ എം വി സന്തോഷ് കുമാര്‍ കലക്ടറെ തിരുത്തുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വില കൂടിയ പട്ടികള്‍ ഒരു പക്ഷെ കാസര്‍ഗോട്ടെ ആഡംബര ഭ്രമം തലക്ക് പിടിച്ച ചില മുസ്‌ലിം വീടുകളിലായിരിക്കും ഉണ്ടാവുക. കറന്തക്കാടു തൊട്ട് മധൂര്‍ വരെ ഉള്ള സംഘി സ്വയം ഭരണ പ്രദേശങ്ങള്‍ കാസര്‍ഗോഡ് നഗരത്തിന്റെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നെന്നും സന്തോഷ് കുമാര്‍ കലക്ടര്‍ക്കു പറഞ്ഞു കൊടുക്കുന്നുണ്ട്.

എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ട് വികസനം നടപ്പാക്കേണ്ട കലക്ടറുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ നിരവധി കോണുകളില്‍ നിന്നു പ്രതിഷേധം ശക്തമാണ്.

RELATED STORIES

Share it
Top