Sub Lead

കര്‍ണാടകയിലെ താല്‍ക്കാലിക ഹിജാബ് നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി

കര്‍ണാടകയിലെ താല്‍ക്കാലിക ഹിജാബ് നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി
X

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബും കാവി ഷാളും ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ബാധകമാവുകയെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെയും യൂനിഫോം നിശ്ചയിച്ചിട്ടുള്ള പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലെയും അധ്യാപകര്‍ക്ക് ഹിജാബ് നിരോധനം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂള്‍ കവാടങ്ങളില്‍ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരേ ഹരജി നല്‍കിയ വിദ്യാര്‍ഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിര്‍ കോടതിയെ അറിയിച്ചു.

അപ്പോഴാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കിയത്. അന്തിമവിധി വരുന്നതുവരെ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഫെബ്രുവരി പത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുസ്‌ലിം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം.

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്ന് മുതല്‍ അധ്യാപികമാരെയും ഹിജാബ് ധരിക്കാന്‍ അനുവദിച്ചിരുന്നില്ല. കര്‍ണാടകയിലെ ഒരു കോളജില്‍ ഹിജാബ് വിലക്കിയ പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇംഗ്ലീഷ് അധ്യാപിക ജോലി രാജിവച്ച് പ്രതിഷേധിച്ചിരുന്നു. അതേസമയം, ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്നീട് ഹൈക്കോടതിയെ അറിയിച്ചു.

ഹിജാബ് നിരോധനത്തിനെതിരേ ഉഡുപ്പി പ്രീ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി. വാദം ആരംഭിച്ചപ്പോള്‍തന്നെ ഹിജാബിനോടുള്ള സര്‍ക്കാരിന്റെ സമീപനം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഹിജാബ് നിരോധനത്തിന് നിര്‍ദേശമില്ലെന്ന് എജി വ്യക്തമാക്കി.

ഓരോ സ്ഥാപനങ്ങളും നിര്‍ദേശിക്കുന്ന യൂനിഫോം പാലിക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെടുക മാത്രം ചെയ്യുന്ന നിരുപദ്രവകരമായൊരു ഉത്തരവായിരുന്നു അത്. 'സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ അമിതാവേശം കാണിച്ചു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉത്തരവില്‍ അക്കാര്യം സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു എജിയുടെ മറുപടി. സ്ഥാപനങ്ങള്‍ ഹിജാബ് അനുവദിച്ചാല്‍ എതിര്‍ക്കുമോ എന്നായി കോടതിയുടെ ചോദ്യം. സ്ഥാപനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ അത്തരം വിഷയങ്ങള്‍ വരുമ്പോള്‍ കോടതി തീരുമാനമെടുക്കുമെന്നായിരുന്നു എജിയുടെ മറുപടി.

Next Story

RELATED STORIES

Share it