കര്‍ണാടകയിലെ മദ്‌റസകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല, ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗം നിലനിര്‍ത്തും; വിവാദമായപ്പോള്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി
കര്‍ണാടകയില്‍ ന്യൂനപക്ഷ മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുമ്പാകെ നിര്‍ദേശമൊന്നുമില്ലെന്ന് ബി സി നാഗേഷ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ വിവാദമായപ്പോള്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത്. കര്‍ണാടകയിലെ മദ്‌റസകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്ന് സ്വാതന്ത്ര്യസമര നായകന്‍ ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതായുമുള്ള റിപോര്‍ട്ടുകളോടായിരുന്നു വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ പ്രതികരണം. കര്‍ണാടകയില്‍ ന്യൂനപക്ഷ മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുമ്പാകെ നിര്‍ദേശമൊന്നുമില്ലെന്ന് ബി സി നാഗേഷ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്‌റസകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം പി രേണുകാചാര്യ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. മദ്‌റസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. മദ്‌റസകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യവും നല്‍കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നാഗേഷ് പറഞ്ഞു. മദ്‌റസകളില്‍ നല്‍കുന്ന വിദ്യാഭ്യാസം മല്‍സര ലോകത്തിന് യോജിച്ചതല്ല.
അവര്‍ (മദ്‌റസകള്‍) മുന്നോട്ടുവന്നാല്‍ അത് പരിഗണിക്കാം. മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റ് കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസ വകുപ്പില്‍ പഠിപ്പിക്കുന്ന പാഠ്യപദ്ധതി മദ്‌റസകളിലില്ല. ന്യൂനപക്ഷ വകുപ്പാണ് മദ്‌റസകള്‍ നടത്തുന്നത്. അവിടെ പഠിക്കുന്ന കുട്ടികള്‍ മറ്റേതൊരു വിദ്യാര്‍ഥിയെയും പോലെ ഡോക്ടര്‍മാരും കലാകാരന്‍മാരും എന്‍ജിനീയര്‍മാരും ആവണം- അദ്ദേഹം ചൂണ്ടിക്കാട്ടി. മൈസൂര്‍ മുന്‍ രാജാവായ ടിപ്പു സുല്‍ത്താനെ സ്‌കൂള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള വാര്‍ത്തകളെയും അദ്ദേഹം തള്ളി. പാഠ്യപദ്ധതിയില്‍നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ വന്നിട്ടും അങ്ങനെയൊരു പദ്ധതി സര്‍ക്കാരിനില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
എങ്കിലും ഭാവനയുടെ അടിസ്ഥാനത്തില്‍ ടിപ്പുവിനെക്കുറിച്ച് എഴുതിയ ചില കാര്യങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതവും തെളിവില്ലാതെ എഴുതിയതുമായ വസ്തുതകള്‍ നീക്കം ചെയ്യും. ഡോക്യുമെന്ററിയും ചരിത്രപരമായ തെളിവുകളുമുള്ള ഉള്ളടക്കം കുട്ടികള്‍ക്കായി നിര്‍ദേശിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അടുത്തയാഴ്ച ഉത്തരം നല്‍കും. ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ആരുടെയോ ഭാവനയാണ്. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠം സിലബസില്‍ നിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'യഥാര്‍ഥ ചരിത്രത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ടിപ്പു സുല്‍ത്താന് നല്‍കിയ 'മൈസൂരിലെ സിംഹം' എന്ന സ്ഥാനപ്പേരിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് നിലനിര്‍ത്തും. മഹത്വവല്‍ക്കരണ ഭാഗം ഒഴിവാക്കും- മന്ത്രി നാഗേഷ് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ 20,994 വിദ്യാര്‍ഥികള്‍ ഹാജരാവാതിരുന്നത് ഹിജാബ് നിരോധനത്തിന്റെ പേരിലാണെന്ന റിപോര്‍ട്ടുകളും അദ്ദേഹം നിഷേധിത്തു. ഹിജാബും വിദ്യാര്‍ഥികള്‍ പങ്കെടുക്കാത്തതും തമ്മില്‍ ഒരു ബന്ധവുമില്ല. കഴിഞ്ഞ വര്‍ഷത്തെപ്പോലെ പരീക്ഷയില്ലാതെ വിജയിക്കുമെന്ന് കരുതി കൂടുതല്‍ വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT