Sub Lead

ഹിജാബ് നിരോധനം: കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂനിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്കു നോട്ടിസ് നല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഹിജാബ് നിരോധനം: കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍
X

ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതു ചോദ്യം ചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി പുനരാരംഭിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബഞ്ച് വാദം കേള്‍ക്കുന്നത്.

ഹരജിക്കാരിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും പ്രഫസറുമായ രവിവര്‍മ കുമാര്‍ കര്‍ണാടക വിദ്യാഭ്യാസ നിയമത്തെ പരാമര്‍ശിച്ചുകൊണ്ടാണ് വാദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂനിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്കു നോട്ടിസ് നല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനമുണ്ടെങ്കില്‍ അത് ഒരു വര്‍ഷം മുമ്പ് അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിനു മതചിഹ്നങ്ങളുണ്ടെന്നും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹിജാബ് മാത്രം എടുത്ത് ഇതിനെ ശത്രുതാപരമായ വിവേചനമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹിജാബിനു നിരോധനമില്ലെന്നും ഏത് അധികാരത്തിന്റെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതെന്ന ചോദ്യം ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ യൂനിഫോമിന് അനുയോജ്യമായ നിറങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ ഭരണഘടന സ്പഷ്ടമായി പ്രഖ്യാപിക്കപ്പെട്ട മതേതരത്വമാണ് പിന്തുടരുന്നതെന്നും എല്ലാവരുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്നലെ വാദിച്ചിരുന്നു.

സിംഗിള്‍ ബഞ്ചിനു മുന്നിലെത്തിയ കേസ്, നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബഞ്ചിനു വിടുകയായിരുന്നു. തുടര്‍ന്ന്, കര്‍ണാടകയിലെ യൂനിഫോം നിര്‍ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ വിധി വരുന്നതുവരെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വിശാല ബഞ്ച് വ്യക്തമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ തുറക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it